വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്ലാല് ഇന്ന് ഏറ്റെടുക്കും. ഇന്ന് കൊച്ചിയില് ചേരുന്ന വാര്ഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില് വരിക. പുതിയ കമ്മിറ്റിയെക്കുറിച്ച് ആഴ്ചകള്ക്ക് മുന്പ് പുറത്തുവന്ന വാര്ത്തകളിലെല്ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്ലാല് എത്തുന്നു എന്നതിനായിരുന്നു ഊന്നല്. അതിന്റെ കാരണങ്ങളെക്കുറിച്ചും പലതരത്തിലുള്ള വാര്ത്തകള് പുറത്തുവന്നു. സ്വന്തം സിനിമാ തിരക്കുകള്ക്കിടയില് ഏറെ ഉത്തരവാദിത്തമുള്ള ഈ സ്ഥാനം ഏറ്റെടുക്കാന് തീരുമാനിച്ചതിന്റെ പിന്നില് എന്താണ്? മോഹന്ലാലിന്റെ മറുപടി.
ഏറെക്കാലമായി സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്നസെന്റ് ആണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പറയുന്നു മോഹന്ലാല്. അദ്ദേഹത്തിന് ഇപ്പോള് ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നതും തന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നും. "ഇന്നസെന്റും മധുസാറുമൊക്കെ ഈ സ്ഥാനത്തിരുന്ന് തങ്ങളുടെ കടമകള് നന്നായി പൂര്ത്തീകരിച്ചിട്ടുണ്ട്. ഒരുതരത്തില് ഇതൊരു സ്ഥാനം മാത്രമാണ്. തീരുമാനങ്ങളിലൊക്കെ സഹായിക്കാന് മറ്റുള്ളവരുണ്ടാവും. അമ്മയുടെ മുന് പ്രസിഡന്റുമാരായ നെടുമുടി വേണുവും ബാലചന്ദ്രമേനോനുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോള് അവരുടെയൊക്കെ അഭിപ്രായങ്ങള് സഹായകമാകും. പരസ്പരം അറിയുന്നവരാണ് ഞങ്ങള് എല്ലാവരും. ചില പ്രശ്നങ്ങളൊക്കെ ഉണ്ടായേക്കാം. എന്നാല് ചര്ച്ചയിലൂടെ പരിഹരിക്കാനാവാത്തതായി ഒന്നുമില്ല." ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില് മോഹന്ലാല് പറഞ്ഞു.
അഭിനയത്തിനൊപ്പം അമ്മ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള് സമയം തികയാതെവരുമെന്ന ചിന്തയില്ലെന്നും മോഹന്ലാല്. "എപ്പോഴും ഫോണില് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങള്. പിന്നെ, മലയാളം താരതമ്യേന ഒരു ചെറിയ വ്യവസായമാണ്. ഒരു പ്രശ്നമുണ്ടാക്കാനായി ആരും ഇവിടെ വരുന്നില്ല. സ്വാഭാവികമായി സംഭവിക്കാവുന്ന പ്രശ്നങ്ങള് ചര്ച്ചയിലൂടെ പരിഹരിക്കാനാവും", മോഹന്ലാല് അവസാനിപ്പിക്കുന്നു.
അതേസമയം ഇന്ന് നടക്കുന്ന പൊതുയോഗത്തില് ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്വലിക്കുന്നത് സംബന്ധിച്ച് ചര്ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. ദിലീപിനെ പുറത്താക്കുമെന്ന് ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിനുളള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് വിശദീകരിക്കുന്നുണ്ട്. കെ ബി ഗണേഷ് കുമാറും മുകേഷുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്. ഇടവേള ബാബു ജനറൽ സെക്രട്ടറി. പതിവിന് വിപരീതമായി പൊതുയോഗത്തിലേക്ക് ഇത്തവണ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. വാർത്താസമ്മേളനവും നടത്തുന്നില്ല.
