നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതില്‍ പ്രതികരണവുമായി സിനിമാതാരം രമ്യാ നമ്പീശന്‍. സത്യം ജയിക്കുന്നു. കൂട്ടുകാരിയോടൊപ്പം അവസാനം വരെ, ബിഗ് സല്യൂട്ട് ടു കേരള പൊലീസ്- എന്നായിരുന്നു രമ്യാ നമ്പീശന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് രമ്യാ നമ്പീശന്‍ പ്രതികരണം അറിയിച്ചത്. മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് രമ്യാ നമ്പീശന്‍ ഫേസ്ബുക്കില്‍ നിലപാട് വ്യക്തമാക്കിയത്. ഇന്നു വൈകിട്ടോടെയാണ് പ്രത്യേക അന്വേഷണസംഘം നടന്‍ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു ദിലീപിന്റെ അറസ്റ്റ്. അതിക്രമത്തിന് ഇരയായ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രമ്യാ നമ്പീശന്‍. സംഭവമുണ്ടായതുമുതല്‍ നടിക്ക് ഉറച്ച പിന്തുണയുമായി രമ്യാ നമ്പീശന്‍ ഒപ്പമുണ്ടായിരുന്നു.