കൊച്ചി: മദ്യപിച്ച് വണ്ടിയോടിച്ചു എന്നാരോപിച്ച് സംവിധായകന്‍ രൂപേഷ് പീതാംബരനെ പൊലീസ് പിടിച്ചു. എന്നാല്‍ പിന്നീട് വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു. താന്‍ മദ്യപിച്ചിട്ടില്ല എന്നും ഓര്‍ബിറ്റ് ചവയ്ക്കുക മാത്രമാണ് ചെയ്തത് എന്നും രൂപേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. കൊച്ചിയിലെ ഇടപ്പള്ളി ജംഗഷനില്‍ വച്ചായിരുന്നു സംഭവം. 

ഓര്‍ബിറ്റ് ചവച്ചുകൊണ്ടാണ് ഞാന്‍ വണ്ടി ഓടിച്ചത്. ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി. ആല്‍ക്കഹോള്‍ ഡിറ്റക്ടറില്‍ ഊതിയപ്പോള്‍ ബീപ്പ് ശബ്ദം പുറത്ത് വന്നു. ഇതേ തുടര്‍ന്നാണ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയത്. സ്‌റ്റേഷനിലെത്തി വൈദ്യ പരിശോധന നടത്തി. പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. ഇനി ഓര്‍ബിറ്റ് ചവയ്ക്കുന്നതും വിക്‌സ് ടാബലറ്റ് കഴിക്കുന്നതും നിരോധിക്കുമോ എന്ന് രൂപേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.