പൃഥ്വിരാജ് ചിത്രം മൈസ്റ്റോറിയിലെ ഗാനത്തിന് ലഭിച്ച ഡിസ് ലൈക്കുകളും ട്രോളുകളും ചെറുതൊന്നമല്ല. മലയാള സിനിമാ ഗാനത്തിന് ആദ്യമായാണ് ഇത്രയും ഡിസ് ലൈക്കുകള്‍ ലഭിക്കുന്നത്. യുടൂബില്‍ റിലീസ് ചെയ്യുന്ന പാട്ടുകളും ട്രെയിലറുകളും സാധാരണക്കാരായ ആളുകള്‍ കാണുന്നത് പതിവാണ്. എന്നാല്‍ പലപ്പോഴും അവര്‍ ലൈക്ക് ചെയ്യാന്‍ മറക്കാറുമുണ്ട്. 

ഇത്തവണ മൈസ്‌റ്റോറിയിലെ ഗാനം ഇറങ്ങിയപ്പോള്‍ പതിവ് തെറ്റിയിരുന്നു. പൃഥ്വിരാജും -പാര്‍വതിയും ചേര്‍ന്ന് അഭിനയിച്ച ഗാനത്തിന് 10ലക്ഷം ഡിസ്‌ലൈക്കുകള്‍ വന്നത് എല്ലാവരേയും അമ്പരപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ പ്രതികരിക്കുന്നതിങ്ങനെ. 

സിനിമയുമായി പ്രവര്‍ത്തിച്ച പലരിലും വിഷമമുണ്ടാക്കിയ സംഭവമാണിത്. ഡിസ്‌ലൈക്കുകളെ ഉയര്‍ത്തിക്കാണിക്കാനല്ല. മറിച്ച് എന്റെ ആദ്യ ചിത്രത്തിലെ ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 1.6 മില്യണ്‍ ആളുകള്‍ കണ്ടു എന്നുപറയുവാനാണ് ഇഷ്ടം. വിവാദങ്ങളില്‍ ഇടം നേടേണ്ട ഗാനമായിരുന്നില്ല അത്. മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഒരു ഗാനത്തെ കൂട്ടം ചേര്‍ന്ന് ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വേദനയുണ്ട്- റോഷ്നി ദിനകര്‍ പറഞ്ഞു. ഒരഭിമുഖത്തിനിടെയാണ് സംവിധായിക പ്രതികരിച്ചത്.