മലയാള ചിത്രം എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുസംബന്ധിച്ച് ഐഎഫ്എഫ്ഐ അധികൃതര്‍ തീരുമാനം അറിയിക്കുന്നില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
കേരള ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കൈപ്പറ്റാന്‍ പോലും ഫെസ്റ്റിവല്‍ ഡയറക്ടറോ മറ്റ് ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ലെന്ന് സിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച കണ്ണന്‍ നായര്‍ പറയുന്നു. കോടതി വിധിയുടെ പകര്‍പ്പ് കൈമാറാൻ ഞങ്ങള്‍ കഴിയുംവിധം ശ്രമിച്ചു. പക്ഷേ ഫെസ്റ്റിവല്‍ ഡയറക്ടറെ കാണാന്‍ പോലും ഞങ്ങളെ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഓപ്പണ്‍ ഫോറത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ഒന്നും പ്രതികരിക്കാന്‍ നില്‍ക്കാതെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഓപ്പണ്‍ ഫോറത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.- കണ്ണന്‍ നായര്‍ പറയുന്നു.
ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു എസ് ദുര്‍ഗ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മറാത്തി ചിത്രമായ ന്യൂഡും മേളയിലേക്ക് തെരഞ്ഞെടുത്തിരുന്നു എന്നാല്‍ രണ്ട് ചിത്രങ്ങളും കേന്ദ്രം ഇടപെട്ട് മേളയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
