കേൾവിയും സംസാരശേഷിയുമില്ലാത്ത താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. ശബ്‍ദം എന്ന സിനിമ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകനായ പി കെ ശ്രീകുമാര്‍ ആണ്.

കേൾവിയും സംസാരശേഷിയുമില്ലാത്ത താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. ശബ്‍ദം എന്ന സിനിമ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകനായ പി കെ ശ്രീകുമാര്‍ ആണ്.

ശബ്‍ദം തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. നായകനും നായികയും അവരുടെ ഏക മകനും മൂക- ബധിരരാകുന്നതിലൂടെ ഒരു കുടുംബം നേരിടുന്ന വെല്ലുവിളികളും സമൂഹത്തിലെ ശബ്‍ദങ്ങളുടെ മഹാപ്രളയത്തിൽ അവർ ഒറ്റപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. കുശവ സമുദായത്തിന്റെ പരമ്പരാഗത കുല തൊഴിൽ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പി കെ ശ്രീകുമാർ ശബ്‍ദം അണിയിച്ചൊരുക്കുന്നത്. നായക കഥാപാത്രമായ ചക്രപാണിയെ തന്മയത്വത്തോടെ ജയന്ത് മാമ്മൻ അവതരിപ്പിച്ചിരിക്കുന്നു. കേൾവിയും സംസാരശേഷിയുമില്ലാത്ത സോഫിയ, റിച്ചാർഡ് സഹോദരങ്ങളാണ് മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഫിയ എം.ജോ മിസ്.ഇൻഡ്യ ഡഫും ബൈക്ക് റേസറുമാണ്‌. സഹോദരൻ റിച്ചാർഡും റേസർ തന്നെ.

താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പുതുമുഖങ്ങളാണ്. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ മാതാവ് റൂബി തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥാകൃത്ത് ബാബു കുഴിമറ്റവും തിരശ്ശീലയ്ക്ക് മുന്നിലുണ്ട്. ബിച്ചു തിരുമല ഗാനങ്ങളിലുടെ സിനിമയിലേക്ക് തന്റെ മടങ്ങി വരവ് നടത്തുന്ന ചലച്ചിത്രം കൂടിയാണ് ശബ്‍ദം. മറ്റൊരു ഗാനം രചിച്ചിട്ടുള്ളത്‌ - കവി ശരത്ചന്ദ്രലാൽ ആണ്. സംഗീതം - ബിജിബാല്‍. ജയകൃഷ്ണൻ ഉണ്ണികൃഷ്ണനാണ് ക്യാമറയും എഡിറ്റിംഗും കളർ കറക്ഷനും നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട് ഡയറക്ഷൻ - രാജീവ് സൂര്യൻ. ടെക്നിക്കൽ ഡയറക്ടർ - അരുൺ ഗോപിനാഥ്. മേക്കപ്പ് ശിവരാജൻ പാലക്കാട് കോസ്റ്റ്യൂം ജിജി ടോം വങ്ങാട്. പ്രൊഡക്ഷൻ കൺട്രോളർ അനിൽ ചെങ്ങന്നൂർ. സ്റ്റുഡിയോ - മെഗാ മീഡിയ, വിസ്മയ, വിഷ്വൽറേ കമ്മ്യൂണിക്കേഷൻസ്. കോ- പ്രൊഡ്യൂസർ - ലിനു ഐസക്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - തോമസ് ജോസഫ് പട്ടത്താനം. തിരുവനന്തപുരത്തും പരിസരത്തും ചിത്രീകരണം പൂർത്തിയായ ശബ്‍ദം റൂബി ഫിലിംസ് ഉടൻ തിയറ്ററുകളിൽ എത്തിക്കും.