ബിഗ് ബോസില്‍ 24-ാം ദിവസം

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് സംഭവബഹുലമായി തുടരുകയാണ്. ബിഗ് ബോസ് ഹൗസില്‍ ചൊവ്വാഴ്ച നടന്ന സംഭവവികാസങ്ങളുടെ അനുരണനങ്ങളാണ് ബുധനാഴ്ച എപ്പിസോഡിലും സംഭവിച്ചത്. പ്രേതകഥ പറയാനുള്ള ലക്ഷ്വറി ബജറ്റ് ടാസ്കിനിടെ പേളി മാണിക്കെതിരേ സാബു ചെരിപ്പേറ് നടത്തിയത് ഇന്നത്തെ എപ്പിസോഡില്‍ ചര്‍ച്ചാവിഷയമായി.

പേളിയോട് ശത്രുത കൊണ്ടുനടക്കരുതെന്ന് സാബുവിനോട് അനൂപ് ചന്ദ്രനും അരിസ്റ്റോ സുരേഷും വ്യക്തിപരമായി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പേളിയുടെ കഥ പറച്ചിലിനെ കൊഴുപ്പിക്കാന്‍ ചെയ്തതായിരുന്നു ചെറുപ്പേറെന്നും അതൊരു തമാശ ആയിരുന്നെന്നുമാണ് സാബു അവരോടൊക്കെ പ്രതികരിച്ചത്. എന്നാല്‍ പേളിയോട് താന്‍ ഇക്കാര്യം പറഞ്ഞ് ആശയക്കുഴപ്പം തീര്‍ക്കാമെന്നും ഇടയിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ ശ്രമിക്കാമെന്നും സാബുവിനോട് അരിസ്റ്റോ സുരേഷ് പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പിന്നീടുണ്ടായ സംസാരവും സുഖകരമായിരുന്നില്ല. താന്‍ ചെയ്തത് ശാരീരിക ആക്രമണമായി തോന്നിയോ എന്നായിരുന്നു പേളിയോടുള്ള സാബുവിന്‍റെ ആദ്യ ചോദ്യം. താന്‍ പ്രതികരിക്കില്ലെന്ന് കരുതി ചെയ്തതാണെന്നാണ് തോന്നിയതെന്നും നിങ്ങള്‍ ചെയ്തതിനെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പേളി മറുപടി പറഞ്ഞു. അങ്ങനെയാണ് തോന്നിയതെങ്കില്‍ ആ ചെരുപ്പേറ് സംഭവിക്കേണ്ടതായിരുന്നുവെന്ന് സാബുവും പ്രതികരിച്ചു. ചെരുപ്പേറ് കൊണ്ട് ലോകത്ത് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും.

എന്നാല്‍ പിന്നീട് ബിഗ് ബോസ് ഹൗസിലെ ഹാളില്‍ എല്ലാവരുമുള്ള സദസ്സില്‍ സാബു മറ്റുള്ളവരുടെ അഭ്യര്‍ഥനപ്രകാരം പേളിയോട് ചൊവ്വാഴ്ചത്തെ സംഭവത്തില്‍ പിന്നീട് പരസ്യമായി ക്ഷമ ചോദിച്ചു. ഷോ സംഭവബഹുലമായി പുരോഗമിക്കുമ്പോള്‍ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലെ പ്രിയ മത്സരാര്‍ഥികള്‍ക്കുവേണ്ടി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. ദീപന്‍ മുരളി, ശ്രീലക്ഷ്മി, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍.