സച്ചിന്‍ ആപേരിലുള്ള മാജിക് മറ്റൊന്നിലും കണ്ടെത്തിയിട്ടുണ്ടാവില്ല നമ്മുടെ യുവാക്കള്‍.അത്രമേല്‍ ത്രസിപ്പിക്കുന്നതും ആവേശംകൊള്ളിക്കുന്നതുമാണ് ആ പേര്. എന്നാല്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ സച്ചിന്‍ എത്തുന്നത് ചിരിപ്പിക്കാനാണ്. ക്രിക്കറ്റില്ലാതെ പിന്നെന്ത് സച്ചിനെന്ന് കരുതേണ്ട. ഇവിടെയും ക്രിക്കറ്റും ആവേശംകൊള്ളിക്കുന്ന മത്സരങ്ങളുമുണ്ട്. മത്സരത്തിന്റെ ആവേശം ഉറപ്പിക്കുന്ന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ചിരിയുടെ അമിട്ട് പൊട്ടിക്കാന്‍ അജു വര്‍ഗീസും രമേഷ് പിഷാരടിയും ഹരീഷ് കണാരനും രഞ്ജി പണിക്കരുമെല്ലാം ഉണ്ട്. തികച്ചും ഒരു കോമഡി എന്റര്‍ടെയ്നറായിരിക്കും സച്ചിനെന്നാണ് ടീസര്‍ പ്രേക്ഷകരോട് പറയുന്നത്. സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണശകലങ്ങളാണ് ടീസറിലുള്ളത്.

ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരാണ് സംവിധാനം. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നസ് സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം. നീല്‍ ഡീ കുഞ്ഞയാണ് ക്യാമറ. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്.