അന്യന്‍ എന്ന ചിത്രത്തില്‍ വിക്രമിന്‍റെ നായികയായി എത്തി തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സദ. അന്യന്‍ നല്‍കിയ വിജയം പക്ഷേ പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഇതാ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്. ദാവണി ചുറ്റിയ തമിഴ്‌പെണ്‍കൊടി ഇമേജുകള്‍ തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈംഗികതൊഴിലാളികളുടെ ജീവിതം ആഴത്തില്‍ പറയുന്ന കഥയാണെന്ന് സംവിധായകന്‍. ലൈംഗിക തൊഴിലാളികളെക്കുറിച്ച് നിരവധി കഥകള്‍ വന്നിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടോര്‍ച്ച്‌ലൈറ്റ്. പാതയോരങ്ങളില്‍ രാത്രി ഇടപാടുകാരെ കാത്തു നില്‍ക്കുന്നവരുടെ കഥയല്ലയിത്. അവരുടെ യഥാര്‍ത്ഥ ജീവിതമായിരിക്കും സിനിമ.
ഈ കഥയ്ക്ക് ഒരുപാട് ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നു. അവരുടെ കഥകള്‍ കേട്ടാണ് തിരക്കഥ തയ്യാറാക്കിയത്. പരിതാപകരമായിരുന്നു പലരുടെയും ജീവിതം. കുടുംബം നോക്കാന്‍ വഴിയില്ലാതെ ഇതിലേയ്‌ക്കെത്തിയവരാണ് പലരും.
അല്ലാതെ ആര്‍ഭാട ജീവിതം നയിക്കാനല്ല. അതിശയോക്തി കലരാതെ ഇവ പച്ചയ്ക്ക് അവതരിപ്പിക്കാനാണ് ശ്രമമെന്ന് സംവിധായകന്‍. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.
