കോട്ടയം സിഎംഎസ് കോളേജിന്‍റെ യൂണിയന്‍ ഓഫീസിലിരുന്ന് ക്യാംപസ് കാലത്തെ ആവേശം നിറച്ച് സാംമാത്യു എന്നോ കുറിച്ചു വെച്ചൊരു കവിത... മനസ്സിലുറച്ചുപോയ വരികൾ ഇങ്ങ് തലശ്ശേരിയിലെ വീട്ടിലിരുന്ന് ആര്യ ദയാൽ പാടി ഫെയ്സ്ബുക്കിലിട്ടപ്പോൾ കണ്ടതും പങ്കുവെച്ചതും ആയിരങ്ങൾ.

നൂറ്റാണ്ടു പിന്നിട്ട ബ്രണ്ണൻ കോളേജിന്റെ കൽപ്പടവുകളും ചുമരുകളും കടന്ന് പിന്നെയുമൊഴുകി ക്യാംപസിലെ പൂമരം സഖാവിനോട് പറയാതെ കാത്തുവെച്ച പ്രണയം, ധനമന്ത്രി തോമസ് ഐസകടക്കം നിരവധി പ്രമുഖരാണ് കവിത പങ്കുവെച്ചിരിക്കുന്നത്. ബ്രണ്ണൻ കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി വിദ്യാര്‍ത്ഥിയും കോളേജ് യൂണിയൻ വൈസ് ചെയര്‍മാനുമാണ് ആര്യ ദയാൽ.

ക്യാംപസിന്‍റെ ഉശിരിൽ വിരിഞ്ഞ കവിത ലോകമറിഞ്ഞപ്പഴും പാട്ടുകാരിക്കും വരികളെഴുതിയ സം മാത്യുവിനുമിടയിലുള്ളത് ഒരു ഫേസ്ബുക്ക് മെസേജിന്റെ പരിചയം മാത്രം. പതിനേഴ് വര്‍ഷമായി സംഗീതം പഠിക്കുന്ന ആര്യയ്ക്ക് വലിയ പാട്ടുകാരിയാകണമെന്നാണ് മോഹം. സമരകാലങ്ങളുടെയും പടിയിറങ്ങുന്ന വേര്‍പാടുകളുടെയും വികാര വായ്പിനെ പൂമരത്തിന്‍റെ വാക്കുകളിൽ ഏറ്റുചൊല്ലുകയാണ് കലാലയങ്ങൾ.