ബാഹുബലിക്കു ശേഷം പ്രഭാസ് നായകനാകുന്ന 'സഹോ' യുടെ പുതിയ ടീസർ  ജൂൺ 13 ന് പുറത്തിറങ്ങും. ബാഹുബലിക്ക് ശേഷം താരത്തിന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. 

300 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധാകപൂറാണ് നായിക. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് സഹോ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കെന്നി ബേയ്റ്റ്‌സാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. 

യു വി ക്രിയേഷന്‍സും ടീ സീരീസും ചേർന്ന് നിർമിക്കുന്ന ചിത്രം തെലുങ്കിനു പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തും. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യുമിനേഷൻസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 15ന്  തീയറ്ററുകളിലെത്തും.