പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനടിയായി മാറിയ സായി പല്ലവി മണിരത്‌നം ചിത്രത്തില്‍ നിന്നും പുറത്തായി എന്ന് റിപ്പോര്‍ട്ട്. നേരത്തെ മണിരത്‌നം ചിത്രത്തിലൂടെ പ്രേമത്തിലെ 'മലര്‍' തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രേമത്തിലെ താരത്തിന്റെ അഭിനയം കണ്ടിട്ടാണ് മണിരത്‌നം പുതിയ ചിത്രത്തിനായി സായി പല്ലവിയെ നിശ്ചയിച്ചത് എന്നായിരുന്നു വാര്‍ത്ത. 

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇല്ലെന്നാണ് സൂചന. മുംബൈയിലെ മോഡലും നടിയുമായ മറ്റൊരു താരമായിരിക്കും മണി ചിത്രത്തിലെ പുതിയ നായിക. കുറച്ചുകൂടി പക്വതനിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും മാത്രമല്ല ചിത്രത്തിലെ നായകന്‍ കാര്‍ത്തിയുമായി  ഇഴുകിച്ചേര്‍ന്നുള്ള കുറച്ച് റൊമാന്റിക് സീനുകള്‍ അഭിനയിക്കാന്‍ സായി പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാന്‍ കാരണായത്. 

സെപ്റ്റംബറില്‍ പേര് ഇട്ടിട്ടില്ലാത്ത മണിരത്‌നം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം രവിവര്‍മന്‍.