തന്നെ സഹിക്കാനാവില്ലെന്ന് പറഞ്ഞ നാഗ ശൗര്യക്ക് മറുപടിയുമായി സായി പല്ലവി

തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തിയ നടിയാണ് സായി പല്ലവി. പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടി പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ നായികാ വേഷത്തിലെത്തി. എന്നാല്‍ മലയാളികള്‍ ഇഷ്ടപ്പെട്ട ശാന്തസ്വഭാവമുള്ള മലരിന്‍റെ സ്വഭാവം അത്ര നല്ലതല്ലെന്നും സിനിമാ സെറ്റില്‍ സായി പല്ലവിയെ സഹിക്കാന്‍ കഴിയില്ലെന്നും നടന്‍ നാഗ ശൗര്യ പറഞ്ഞത് വാര്‍ത്തയായിരുന്നു. 

അനാവശ്യകാര്യത്തിന് സായ് പല്ലവി ബഹളം വയ്ക്കുമെന്നും. അവരുടെ പെരുമാറ്റം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും സഹിക്കാവുന്നതല്ലെന്നുമായിരുന്നും നാഗശൗര്യ പറഞ്ഞിരുന്നു. കരു എന്ന തമിഴ് ചിത്രത്തില്‍ നാഗശൗര്യയായിരുന്നു സായ് പല്ലവിയുടെ നായകന്‍. ഈ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങളാണെന്നാണ് നാഗ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി സായി പല്ലവി എത്തി എന്നതാണ് പുതിയ വാര്‍ത്ത. 

ശൗര്യ പറ‍ഞ്ഞതു പോലെ ബഹളമൊന്നുമില്ലാതെ വളരെ മാന്യമായാണ് സായി പല്ലവി പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും, എന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സായി പറഞ്ഞു. അഭിമുഖം കണ്ടപ്പോള്‍ തന്നെ സംവിധായകനെയും നിര്‍മാതാവിനെയും വിളിച്ച് അന്വേഷിച്ചിരുന്നു ഇത്തരത്തില്‍ യാതൊന്നും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറ‍ഞ്ഞു. തന്നെക്കൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. എന്തുകൊണ്ടാണ് നാഗ ശൗര്യ ഇത്തരമൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്നും സായി പല്ലവി പറഞ്ഞു.