സിനിമ പരാജയപ്പെട്ടു, പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി; താരത്തെ പ്രകീർത്തിച്ച് നിർമ്മാതാക്കൾ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 2:01 PM IST
sai pallavi return salary for film failed at box office
Highlights

പ്രതിഫലത്തിൽ നിന്നും കുറച്ചു തുക സായ് മുൻപ് കൈപ്പറ്റിയിരുന്നു. എന്നാൽ ബാക്കി തുകയുമായി നിർമ്മാതാക്കൾ സമീപിച്ചപ്പോഴാണ് താരം തുക വേണ്ടെന്നുവെച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ്ക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. 

ചെന്നൈ: സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ  ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നൽകിയത്. പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് ഏറെ ശ്രദ്ധ ലഭിച്ചിരുന്നുവെങ്കിലും സിനിമക്ക് വേണ്ടത്ര പ്രചാരം നേടാൻ സാധിച്ചില്ല. 22 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്.

പ്രതിഫലത്തിൽ നിന്നും കുറച്ചു തുക സായ് മുൻപ് കൈപ്പറ്റിയിരുന്നു. എന്നാൽ ബാക്കി തുകയുമായി നിർമ്മാതാക്കൾ സമീപിച്ചപ്പോഴാണ് താരം തുക വേണ്ടെന്നുവെച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ്ക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. ചിത്രത്തിന്റെ പരാജയത്തിൽ ബുദ്ധിമുട്ടിയിരുന്ന നിർമ്മാതാക്കൾക്ക് ആശ്വാസമേകാൻ സായിയുടെ തീരുമാനത്തിലൂടെ സാധിച്ചു. തുടർന്ന് താരത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി നിർമ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തിൽ സായി പല്ലവിയും ശർവാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫിദ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം മിഡില്‍ ക്‌ളാസ് അബ്ബായി, കണം എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഏറെ ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. തമിഴിലെ മാരി 2 വാണ് സായ് പല്ലവിയുടേതായി അവസാനമെത്തിയ ചിത്രം. 'അറാത് ആനന്ദി' എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്‌യുടെ കഥാപാത്രം. ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള താരത്തിന്റെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി മോഹന്‍ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധനുഷ് നായകനായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. 

loader