കന്നഡ യുവതാരം യഷിനെ സംബന്ധിച്ച് ജീവിത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒരു പിറന്നാള്‍ ദിനമാണ് കടന്നുപോയത്. സാന്‍ഡല്‍വുഡിലെ ഏറ്റവും വലിയ പ്രോജക്ടില്‍ നായകനാവുക, അത് ഭാഷാഭേദമന്യെ പ്രദര്‍ശിപ്പിച്ച നാടുകളിലെല്ലാം വന്‍വിജയം നേടുക. ഏത് താരവും കൊതിക്കുന്ന വിജയമാണ് കെജിഎഫിലൂടെ യഷിനെ തേടിയെത്തിയത്. യഷിന്റെ പിറന്നാള്‍ ദിനമായ ഇന്ന് 'സലാം റോക്കി ഭായ്' എന്ന കെജിഎഫിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യഭാഗമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.