പ്രശസ്ത സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്, സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന 'ദോ ദീവാനെ സെഹർ മേം' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബൻസാലി നിർമ്മാതാവായ 'ദോ ദീവാനെ സെഹർ മേം' എന്ന ചിത്രത്തിലൂടെയാണ് ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ജിഗർ ടീമിനൊപ്പം ചേർന്നാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയത്. ചിത്രത്തിലെ ഹിഷാം സംഗീതം നൽകിയ ഗാനം ആലപിച്ചത് ജുബിൻ നോട്ടിയാലും നീതി മോഹനും ചേർന്നാണ്. ഗാംഗുഭായ് കത്തിയാവാദി ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ച അഭിരുചി ആണ് ഈ ഗാനത്തിനും വരികൾ രചിച്ചത്.

23 വർഷം മുൻപ് വി കെ പ്രകാശ് ഒരുക്കിയ 'ഫ്രീകി ചക്ര' എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ സംഗീത സംവിധാനം നിർവഹിച്ച ഔസേപ്പച്ചന് ശേഷം, ഇത് ആദ്യമായാണ് ഒരു മലയാളി സംവിധായകൻ ബോളിവുഡിൽ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു ഹിന്ദി സംവിധായകന് വേണ്ടിയാണു ഹിഷാം ഈ ഗാനം ഒരുക്കിയത് എന്നതും മലയാളികൾക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്.

ട്രെന്‍ഡ് സെറ്റര്‍

മലയാളത്തിൽ 'ഹൃദയം" എന്ന ചിത്രത്തിലെ ട്രെൻഡ് സെറ്റർ ഗാനങ്ങൾ ഒരുക്കി ജനപ്രീതി നേടിയ ഹിഷാം തെലുങ്കിലും തമിഴിലും ഗാനങ്ങൾ ഒരുക്കി വമ്പൻ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇത് കൂടാതെ കേരള ക്രൈം ഫയൽസ് വെബ് സീരിസിന് വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതവും ഹിഷാമിന്‌ വലിയ പ്രശംസ നേടിക്കൊടുത്തു. ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു കൊണ്ട് പിന്നണി ഗായകനായും ശ്രദ്ധ നേടിയിട്ടുണ്ട് ഈ പ്രതിഭ. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ചിത്രത്തിന് സംഗീതമൊരുക്കി കന്നഡയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹിഷാം.

സിദ്ധാന്ത് ചതുർവേദി, മൃണാൾ താക്കൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദോ ദീവാനെ സെഹേർ മേം' എന്ന ചിത്രം ഫെബ്രുവരി 20 നാണ് ആഗോള റിലീസായി എത്തുന്നത്. സീ സ്റ്റുഡിയോസ്, റാൻകോർപ് മീഡിയ, ബൻസാലി പ്രൊഡക്ഷൻസ്, രവി ഉദ്യാവർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വമ്പൻ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ "മോം" എന്ന ചിത്രത്തിന് ശേഷം രവി ഉദ്യാവർ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അന്തരിച്ചു പോയ ഇതിഹാസ നായികാതാരം ശ്രീദേവി പ്രധാന വേഷം ചെയ്ത "മോം" നു സംഗീതം ഒരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു.

Aasma Aasma | Do Deewane Seher Mein | Siddhant Chaturvedi, Mrunal Thakur, Jubin Nautiyal,Neeti Mohan