ആഘോഷവേളയില്‍ മമ്മൂട്ടി മൈക്കെടുത്ത് താല്‍ക്കാലികമായി അവതാരകനായത് ചുറ്റുംകൂടിയവരെ ചിരിപ്പിച്ചു. 

മമ്മൂട്ടി നായകനാവുന്ന വൈശാഖ് ചിത്രം മധുരരാജയില്‍ സലിംകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വിവാഹവാര്‍ഷികമായിരുന്ന ശനിയാഴ്ച അണിയറപ്രവര്‍ത്തകര്‍ സെറ്റില്‍ ആഘോഷമാക്കി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സലിംകുമാറിനെയും ഭാര്യ സുനിതയെയുംകൊണ്ട് കേക്ക് മുറിപ്പിച്ചായിരുന്നു ആഘോഷം. സലിംകുമാറിനും സുനിതയ്ക്കും മമ്മൂട്ടി തന്നെ കേക്ക് നല്‍കി. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്‍കൃഷ്ണയുമൊക്കെ ആഘോഷത്തില്‍ പങ്കെടുത്തു. ആഘോഷവേളയില്‍ മമ്മൂട്ടി മൈക്കെടുത്ത് താല്‍ക്കാലികമായി അവതാരകനായത് ചുറ്റുംകൂടിയവരെ ചിരിപ്പിച്ചു. സലിംകുമാര്‍ തന്നെയാണ് ആഘോഷത്തിന്‍റെ വിവരവും ചിത്രങ്ങളും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

പോക്കിരിരാജ പുറത്തിറങ്ങി എട്ട് വര്‍ഷത്തിന് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മധുരരാജയുടെ തിരക്കഥ പുലിമുരുകന്‍റെ രചയിതാവ് ഉദയകൃഷ്ണയുടേത് തന്നെയാണ്. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. ഓഗസ്റ്റ് 9നാണ് ചിത്രീകരണം ആരംഭിച്ചത്.