തന്‍റെ ആദ്യത്തെ ശമ്പളം വെറും എഴുപത്തിയഞ്ച് രൂപ മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

മുംബൈ: തന്‍റെ ആദ്യത്തെ ശമ്പളം വെറും എഴുപത്തിയഞ്ച് രൂപ മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍. തന്‍റെ അഭിനയ ജീവിതത്തിന്‍റെ നാല്‍പ്പത് വര്‍ഷത്തില്‍ സല്‍മാന്‍ വെളിപ്പെടുത്തിയതാണ് ഇത്. ആദ്യമായി നര്‍ത്തകമായി പങ്കെടുത്ത മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അവതരിപ്പിച്ച പരിപാടിക്ക് ഏകദേശം എഴുപത്തിയഞ്ച് രൂപയ്ക്കടുത്താണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പിന്നീട് കൈലാഷ് സുരേന്ദ്ര നാഥ് എന്ന സംവിധായകന്‍റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് സല്‍മാന്‍ ഒര്‍ക്കുന്നു. അതിന് പിന്നിലും ഒരു കഥയുണ്ടെന്ന് സല്‍മാന്‍ പറയുന്നു. പുതിയ പരസ്യത്തിനായി നീന്തലറിയാവുന്ന മോഡലിനെ വേണമായിരുന്നു കൈലാഷിന്. ഈ സമയം ഒരു ഹോട്ടലില്‍ വെച്ച് അടുത്തു കൂടി കടന്നു പോയ സുന്ദരിയെ കണ്ടപ്പോള്‍ അവരെ ആകര്‍ഷിക്കാന്‍ സല്‍മാന്‍ ഷര്‍ട്ടൂരി സ്വിമ്മിങ് പൂളില്‍ ചാടി നീന്തി. എന്നാല്‍ ആ യുവതി സംവിധായകന്‍റെ കാമുകി ആരതി ഗുപ്തയായിരുന്നു. 

എന്നാല്‍ ആ നീന്തല്‍കുളത്തിലേക്കുള്ള ചാട്ടം കാരണം സല്‍മാന്‍റെ തലവര തെളിഞ്ഞു. സല്‍മാന്‍റെ ചാട്ടം കണ്ട് മതിപ്പു തോന്നിയ ആരതിയാണ് സല്ലുവിനെ കൈലാഷിനെ പരിചയപ്പെടുത്തിയത്. അങ്ങനെ സല്‍മാന്‍ പരസ്യത്തിലെത്തി. 750 രൂപയായിരുന്നു ആ പരസ്യത്തിന് പ്രതിഫലം കിട്ടിയത്. പിന്നീട് തലവര മാറ്റിയ മേനേ പ്യാര്‍ കിയ എന്ന ചിത്രം വന്നു. മുപ്പത്തിയൊന്നായിരം രൂപയായിരുന്നു പ്രതിഫലം.