ജോധ്പൂര്‍: ഹോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന്റെ ഭീഷണിക്കു പിന്നാലെ സിനിമാ ചിത്രീകരണത്തിനിടയിലും നാടകീയ രംഗങ്ങള്‍ അരങ്ങേറി. സല്‍മാന്‍ ഖാന്റെ 'റേസ് 3' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

കഴിഞ്ഞ ദിവസം ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഗുണ്ടാത്തലവന്റെ ഭീഷണിയുണ്ടായിരുന്നു. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയിയാണ് വധഭീഷണി മുഴക്കിയത്. തുടര്‍ന്ന്, താരത്തിന്റെ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചത്. 'റേസ് 3'യുടെ ലൊക്കേഷനിലെത്തിയ പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എത്രയും വേഗം ഷൂട്ടിങ്ങ് അവസാനിപ്പിച്ച് താരത്തെ വീട്ടിലെത്തിക്കണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. ആറു പൊലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു സല്‍മാനെയും വീട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തില്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരിക്കെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്‌നോയി ഭീഷണി മുഴക്കിയത്. രണ്ടു വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്‌നോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ബിസിനസുകാരന്‍ വസുദേവ് ഇസ്രാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ബിഷ്‌നോയിക്കെതിരെ ബിഷ്‌നോയി തന്റെ കുറ്റകൃത്യലോകം രാജസ്ഥാനിലേക്കും വികസിപ്പിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് ആനന്ദ്പാല്‍ സിംഗിനെ എന്‍കൗണ്ടറിലൂടെ പൊലീസ് വധിച്ചശേഷം ആനന്ദിന്റെ ഗുണ്ടാസംഘത്തിലെ ആള്‍ക്കാരെ മുഴുവന്‍ തന്റെ സംഘത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് ബിഷ്‌നോയി. 

സികാറിലെ ഗ്രാമത്തലവന്‍ സര്‍പാഞ്ചിനെ വെടിവെച്ചു കൊന്നതിന് പിന്നിലും ബിഷ്‌നോയിയാണ്. ഈ കൊലപാതകം പൊലീസിനെതിരേ നാട്ടുകാരുടെ രോഷം കൂട്ടുകയും ചെയ്തിട്ടുണ്ട്. വെടിവെച്ച് ആളെക്കൊല്ലുന്നത് പതിവായിട്ടും പൊലീസ് നിഷ്‌ക്രിയരാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധത്തിന് ശേഷം ബിഷ്‌നോയിയുടെ സംഘത്തിലെ പകുതിയലധികം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.