ചെന്നൈ: അമലാ പോളിന്‍റെ വിവാഹ മോചനമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ പ്രധാന വിഷയം. ഒരു സൂപ്പര്‍ താരവുമായുള്ള ബന്ധമാണ് അമലപോളും, ഭര്‍ത്താവ് എഎല്‍ വിജയും തമ്മിലുള്ള വഴക്കിനും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതിനും കാരണം എന്നാണ് ഒരു ഗോസിപ്പ് പരക്കുന്നത്. അതിനിടയില്‍ എ എല്‍ വിജയ്‍യുടെ പിതാവും നടനും നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പന്‍ വാര്‍ത്ത സ്ഥിരീകരിച്ചു രംഗത്തെത്തി.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യമാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിനു കാരണം. ഇതിനെച്ചൊല്ലി ചെറിയൊരു വഴക്കു ഉണ്ടാകുകയും ചെയ്‍തതാണ്. അതിനുശേഷം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമലാ പോള്‍ തീരുമാനമെടുക്കുകയും ചെയ്‍തതാണ്. എന്നാല്‍ പിന്നെയും അമലാ പോള്‍ തുടരെ സിനിമകള്‍ ചെയ്‍തു. ഇപ്പോഴും കരാറില്‍ ഒപ്പിട്ടു അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇത് വിജയ്‍ക്കും ഞങ്ങള്‍ക്കും ഒത്തുവന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകും - അളഗപ്പന്‍ പറഞ്ഞു.

ഏറ്റവും ഒടുവില്‍ ധനുഷ് നായകനാകുന്ന വട ചെന്നൈ എന്ന ചിത്രത്തില്‍ അമലാ പോള്‍ കരാര്‍ ഒപ്പിട്ടതാണ് വിജയിയെ ചൊടിപ്പിച്ചത് എന്നാണ് മാതാപിതാക്കള്‍ തന്നെ സ്ഥിരീകരിക്കുന്നത്. ഇതിന് കാരണം വിവാഹത്തിന്‍റെ ഭാഗമായി ഈ ചിത്രത്തില്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്ന സാമന്തയുടെ പിന്‍മാറ്റമാണ്. ഇതിനെ തുടര്‍ന്നാണ് വട ചെന്നൈ സംവിധായകന്‍ അമലാ പോളിനെ സമീപിച്ചത്. ഉടന്‍ തന്നെ അമലാ തന്‍റെ ഡേറ്റ് നല്‍കുകയായിരുന്നു. 

2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.