സി.വി സിനിയ

ഒരു കാലത്ത് മലയാള സിനിമ വ്യത്യസ്ത പേരുകള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയെങ്കില്‍ ഇന്ന് ഒരു പേരില്‍ രണ്ട് സിനിമ ഇറങ്ങുന്ന ചര്‍ച്ചകളിലാണ്. ചരിത്രങ്ങളും ഐതിഹങ്ങളും മറ്റും ആസ്പദമാക്കി നിര്‍മ്മിക്കാനിരിക്കുന്ന സിനിമകളുടെ പേരുകള്‍ ഒന്നാകുമ്പോള്‍ ആശയക്കുഴപ്പത്തിലാകുന്നത് സിനിമാ പ്രേമികള്‍ തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാള സിനിമാ ലോകത്ത് ചരിത്ര സംഭവങ്ങളും ഐതിഹ്യങ്ങളും അഭ്രപാളിയില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ കര്‍ണന്‍ എന്ന സിനിമ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയെങ്കില്‍ ഇപ്പോഴിതാ അതുപോലെ വീണ്ടുമൊരു പ്രഖ്യാപനം നടന്നിരിക്കുകയാണ്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രമാണ് സിനിമാ പ്രേമികളെ ആശയകുഴപ്പത്തിലാക്കിയത്.

മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രവും, മമ്മൂട്ടി നായകനാകുന്ന സന്തോഷ് ശിവന്‍ ചിത്രവും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കര്‍ണന്‍, മാമാങ്കം, വിമാനം എന്നിങ്ങനെ ഒരേ പേരും ഒരേ ആശയവുമായി മലയാള സിനിമ ഇപ്പോള്‍ മാറിയിരിക്കുകയാണ്. സിനിമ ഒരേ പേരില്‍ വരുന്നതിനെ കുറിച്ച് ചിത്രങ്ങളുടെ സംവിധായകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അവരുടെ നയം വ്യക്തമാക്കുന്നു.

 മഹാഭാരതത്തിലെ ശക്തമായ കഥാപാത്രമാണ് കര്‍ണന്‍. കര്‍ണന്‍റെ ജീവിത കഥ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് മലയാള സിനിമ. കര്‍ണന്‍ എന്ന സിനിമ രണ്ടുപേര്‍ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ ആര്‍ എസ് വിമല്‍ കര്‍ണനായി കണക്കാക്കിയത് പൃഥിരാജിനെയാണ്. എന്നാല്‍ മധുപാലിന്‍റെ സംവിധാനത്തില്‍ കര്‍ണനായി വരുന്നത് മമ്മൂട്ടിയാണ്. നടന്‍ പി ശ്രീകുമാറിന്‍റെ രചനയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ പ്രഖ്യാപിച്ചിരുന്ന സമയത്ത് തന്നെയാണ് ആര്‍ എസ് വിമലും തന്‍റെ കര്‍ണനെ പ്രഖ്യാപിച്ചത്.

പൃഥിരാജിന്‍റെ കര്‍ണന്‍ ഡിസംബറില്‍ ട്രയല്‍ ഷൂട്ട് ആരംഭിക്കുമെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു. 2018 അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും ശ്രമിക്കുന്നത്. കര്‍ണനുമായി ബന്ധപ്പെട്ട് പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.യുണൈറ്റഡ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലേക്കും നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 36 ഭാഷകളിലായി ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും വിമല്‍ പറഞ്ഞു. ഹൈദരാബാദ്, നയാഗ്ര എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. എന്നാല്‍ തന്‍റെ സിനിമ പുറത്തിറങ്ങാതിരിക്കാന്‍ ചില നിര്‍മ്മാതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിമല്‍ പറയുന്നു.

 അതേ സമയം നാല് ഷെഡ്യൂളുകളിലാകും പി ശ്രീകുമാറിന്‍റെ സിനിമ ചിത്രീകരിക്കുക, രാജസ്ഥാന്‍, ഹൈദരാബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. കര്‍ണന്‍റെ ആത്മസംഘര്‍ഷങ്ങള്‍കൊണ്ട് നിറഞ്ഞ അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെയാണ് കര്‍ണനെ അവതരിപ്പിക്കുന്നത്. സിനിമയുടെ പേരുകള്‍ എന്തു തന്നെയായാലും അത് ആളുകളില്‍ എത്തിക്കുന്നതിലാണ് വിജയമെന്ന് കര്‍ണന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 

 കര്‍ണനിലുണ്ടായ സംശയം പോലെ തന്നെയാണ് പ്രിയദര്‍ശന്‍റെയും സന്തോഷ് ശിവന്‍റെയും കുഞ്ഞാലിമരയ്ക്കാരിലും നിലനില്‍ക്കുന്നത്. വിദേശികളെ വിറപ്പിച്ച സാമൂതിരിയുടെ നാവികപ്പട നേതാവ് കുഞ്ഞാലി മരയ്ക്കാരായി വേഷമിടാന്‍ മമ്മൂട്ടി തയാറെടുക്കുകയാണ്. നാലാമത്തെ കുഞ്ഞാലി മരയ്ക്കാരെയാണ് തന്‍റെ ചിത്രത്തിലൂടെ കാണിക്കുന്നതെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിക്കുന്നത്.

സിനിമയുടെ ചിത്രീകരണം 2018 ഏപ്രില്‍ ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് സിനിമാസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവച്ചത്. വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുമെന്നാണ് അറിയുന്നത്. 

അതേസയമം പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സിനിമയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഏകദേശം പത്തുമാസമെങ്കിലും വേണ്ടിവരുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

അന്നത്തെ കാലത്തുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ഇതുവരെ ശേഖരിച്ചത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണെന്നും സംവിധായകന്‍ പറഞ്ഞു. ഇതിന് മുന്‍പ് ഒട്ടേറെ കഥകള്‍ കേട്ടിരുന്നു. എന്നാല്‍ കുഞ്ഞാലിമരയ്ക്കാരുടെ കഥയിലാണ് താല്‍പര്യം തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അതേസമയം കുഞ്ഞാലിമരയ്ക്കാര്‍ സിനിമയുടെ തയാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് പ്രിയദര്‍ശന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

ഒരേ ആശയങ്ങളുമായുള്ള സിനിമയും മലയാളത്തിലുണ്ട്. സ്വന്തമായി വിമാനം നിര്‍മിച്ച് പറക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥയുമായി പൃഥിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന സിനിമ പുറത്തിറാനിരിക്കുകയാണ്. അതേസമയം വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി നിര്‍മ്മിച്ച എബി എന്ന ചിത്രത്തിന്‍റെ കഥയും വിമാനത്തിന്‍റെ കഥയും ഒന്നാണെന്ന വിവാദം ഉയര്‍ന്നിരുന്നു. അത് കോപ്പിറൈറ്റ് നിയമയുദ്ധത്തിലെത്തിയിരിക്കുകയാണ്.