ആദ്യചിത്രത്തിന് മലയാളികള്‍ നല്‍കിയത് വന്‍ വരവേല്‍പ്പ്

ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് നൈജീരിയക്കാരന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ഒരു പുതുമുഖ മലയാളി താരത്തിന് ലഭിക്കുന്നതിനേക്കാള്‍ പോപ്പുലാരിറ്റി നേടി സാമുവല്‍. പ്രതിഫല വിവാദമൊക്കെ ഒത്തുതീര്‍പ്പായതിന് പിന്നാലെ അദ്ദേഹം അഭിനയിക്കുന്ന പുതിയ മലയാളചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന സിനിമയാണ് സാമുവലിന്‍റെ മലയാളത്തിലെ അടുത്ത പ്രോജക്ട്. ഇപ്പോഴിതാ റഷ്യയില്‍ വേള്‍ഡ് കപ്പിന്‍റെ ആരവങ്ങള്‍ നിറയുന്ന ഈ മാസം തന്നെ ചിത്രീകരണത്തിനായി താന്‍ കേരളത്തിലേക്ക് എത്തുമെന്ന് പറയുന്നു സാമുവല്‍ അബിയോള റോബിന്‍സണ്‍.

സെവന്‍സ് പ്ലെയറായെത്തിയ ആദ്യചിത്രം കാണികളുടെ മനസ്സില്‍ അത്രയേറെ പതിഞ്ഞുപോയതിനാല്‍ വേള്‍ഡ് കപ്പിന്‍റെ ആവേശത്തിനിടയില്‍ 'സുഡു' കേരളത്തില്‍ ഉണ്ടെന്നുള്ളത് സിനിമയെയും ഫുട്ബോളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആവേശം പകരും. സാമുവലിന്‍റെ വേള്‍ഡ് കപ്പ് അവലോകനമൊക്കെ മാധ്യമങ്ങളില്‍ വരാനും സാധ്യതയുണ്ട്.

കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ത്ഥസാരഥിയാണ് പര്‍പ്പിളിന്‍റെ സംവിധായകന്‍. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മൈക്കിള്‍, നിഹാരിക തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.