'സണ്ടക്കോഴി' പുറത്തെത്തിയത് 2005ല്‍   വിശാലിന്റെ കരിയറിലെ ആദ്യകാല ഹിറ്റ്‌

വിശാലിന്റെ കരിയറിലെ ഇനിഷ്യല്‍ ഹിറ്റുകളിലൊന്നാണ് ലിംഗുസാമിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തെത്തിയ 'സണ്ടക്കോഴി'. ഇപ്പോഴിതാ നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താനൊരുങ്ങുന്നു. കഴിഞ്ഞദിവസം പുറത്തെത്തിയ ട്രെയ്‌ലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. വ്യാഴാഴ്ച റിലീസ് ചെയ്ത ട്രെയ്‌ലറിന് ഇതിനകം 12 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചു. യുട്യൂബ് ഇന്ത്യ ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് ഇപ്പോള്‍ വീഡിയോ. ഈയാഴ്ച റിലീസ് ചെയ്ത വിശാല്‍ ചിത്രം 'ഇരുമ്പ് തിറൈ'യ്‌ക്കൊപ്പം തീയേറ്ററുകളിലുമുണ്ട് 'സണ്ടക്കോഴി 2' ട്രെയ്‌ലര്‍.

വിശാലിന്റെ കരിയറിലെ 25-ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഈ വര്‍ഷാവസാനം തീയേറ്ററുകളിലെത്തും.