കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തായത് വിവാദത്തില്‍. നടി സഞ്ജന ഗല്‍റാണിയുടെ നഗ്നരംഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന.

ബെംഗളൂരുവിലെ ഹൊസകോട്ടയ്‌ക്കടുത്തുളള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്‍റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ വിവാദങ്ങളില്‍പ്പെട്ട ചിത്രം ഇപ്പോള്‍ ഒരു നഗ്നദൃശ്യത്തിന്‍റെ പേരിലാണ് വാര്‍ത്തകളിലെത്തുന്നത്. പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.സിനിമയ്‌ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുളള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ പേരിലും ചിത്രം വിവാദത്തിലായിരുന്നു. അതേ സമയം നിര്‍മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടാണ് വിവാദദൃശ്യങ്ങള്‍ പുറത്തായതെന്ന് വാര്‍ത്തകളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തുവന്നത്.