ആരാധകിയുടെ സ്നേഹം താരത്തിന്‍റെ പേരില്‍ കോടിക്കണക്കിന് രൂപ

മുംബൈ: മരണത്തിന് മുമ്പ് പ്രിയപ്പെട്ട താരത്തിന് കോടിക്കണക്കിന് രൂപ വരുന്ന സ്വത്തുക്കള്‍ ആരാധിക എഴുതി വച്ചു. മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠിയാണ് പ്രിയതാരം സഞ്ജയ് ദത്തിന് 10 കോടിയോളം വരുന്ന രൂപ എഴുതിവച്ചത്.

ജനുവരി 15 ന് മരിച്ച 62 കാരിയായ നിഷ സഞ്ജയ് ദത്തിന്‍റെ പേരാണ് നോമിനിയായി ബാങ്കിന് എഴുതിനല്‍കിയത്. മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്മെന്‍റിലെ ഒരു മൂന്നുമുറി ഫ്ലാറ്റിലാണ് നിഷി താമസിച്ചിരുന്നത്. എണ്‍പത് വയസുള്ള അമ്മക്കും മൂന്ന് സഹോദരങ്ങളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. 

നിഷയുടെ താരാരാധനയുടെ ആഴം ബന്ധുക്കള്‍ക്ക് മനസിലായത് മരണാനന്തര പ്രാര്‍ത്ഥനാ യോഗത്തിന് ശേഷമാണ്. ജനുവരി 29 ന് മുംബൈ പൊലീസാണ് സഞ്ജയ് ദത്തിനെ വിവരമറിയിക്കുന്നത്. എന്നാല്‍ നിഷിയുടെ പണം തനിക്ക് വേണ്ടെന്നും അത് അവരുടെ കുടുംബത്തിന് ലഭിക്കേണ്ടതാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു.