ദില്ലി: ചുംബന രംഗങ്ങളെല്ലാം വെട്ടി ഒരു സിനിമയുടെ നാല്‍പത് ശതമാനത്തോളം ഒഴിവാക്കി ചരിത്രം കുറിച്ച സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെ ഓര്‍മയില്ലേ... കറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനായിരുന്ന പഹ്‌ലാച് നിഹലാനി എന്ന സിനിമാ നിര്‍മാതാവാണ് കക്ഷി. 

ഉട്ത പഞ്ചാബടക്കം നിരവധി സിനിമകള്‍ക്ക് 'എ' സര്‍ട്ടിഫിക്ക്റ്റ് നല്‍കിയ സംഭവങ്ങള്‍, മറ്റ് പല സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്ന സംഭവങ്ങള്‍ എന്നിങ്ങനെ വിവാദമായ പല സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് പിന്നിലും നിഹലാനിയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സേവനം അവസാനിപ്പിച്ച് നേരത്തെ ചെയ്ത ജോലിയിലേക്ക് തിരിച്ചെത്തുകയാണ് നിഹലാനി. 

ജൂലി-2 എന്ന ചിത്രത്തിലൂടെയാണ് വിതരണക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. സദാചാരത്തിന്റെ വക്താവായിട്ടായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹം അറിയപ്പെട്ടത്. അങ്ങനെ സിനിമാ മേഖലയില്‍ ' സന്‍സ്‌കാരി' എന്ന വിളിപ്പേരും ലഭിച്ചു. സംസ്‌കാര സമ്പന്നന്‍ എന്നാണ് ഇതിന്റെ അര്‍ഥം. 

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ ഉള്ള സംസ്‌കാരമൊന്നും നിഹലാനിക്ക് തന്റെ നിര്‍മാണ വിതരണ മേഖലയിലെന്നാണ് പുതിയ വിമര്‍ശനം. നിരവധി ചിത്രങ്ങളില്‍ അനിവാര്യമായ സാധാരണ ചുംബന രംഗങ്ങള്‍ക്ക് പോലും കത്രിക വച്ച നിഹലാനിയുടെ ജൂലി-2 ഒന്നു കാണണം.

സ്ത്രീശരീരം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗിക തൃഷ്ണ വളര്‍ത്തുന്ന രംഗങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്ന് പറഞ്ഞ് ചിത്രങ്ങള്‍ വെട്ടിനുറുക്കിയ നിഹലാനിയുടെ പുതിയ ചിത്രം ഇത്തിരി ഹോട്ടാണ് എന്നു തന്നെ പറയേണ്ടി വരും.

അതേസമയം താന്‍ സംസ്‌കാരി തന്നെയാണെന്നും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിഹലാനി പറഞ്ഞു. തന്റെ സിനിമ ബോള്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും നിരവധി സീനുകള്‍ പല സിനിമകളില്‍ നിന്നും നിഹലാനി നേരത്തെ വെട്ടിമാറ്റിയിരുന്നു. ജൂലി- 2 എന്ന സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് മറ്റ് സിനിമ പ്രവര്‍ത്തകര്‍. നിഹലാനിയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…