പാലക്കാട്: പാലക്കാട് ജാതി അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് ഇന്ന് കോളനി സന്ദര്‍ശിക്കും. കേരളത്തില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് വേണ്ട സഹായങ്ങള്‍ നല്‍കാനുമാണ് സന്തോഷിന്‍റെ തീരുമാനം.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെയും പുതിയ തമിഴ് ചിത്രത്തിന്റെയും പ്രതിഫലം അംബേദ്കര്‍ കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നു ലഭിച്ച പ്രതിഫലം കോളനിനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് സന്തോഷ് പണ്ഡിറ്റിന്റെ തീരുമാനം. 

നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് അരിയും ഭക്ഷണ സാധനങ്ങളും സന്തോഷ് പണ്ഡിറ്റ് നല്‍കിയിരുന്നു. അത് സാമൂഹ്യജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തമാണെന്ന് സന്തോഷ് പണ്ഡിറ്റ് മാധ്യമത്തോട് പറഞ്ഞു. സിനിമയില്‍ എത്തുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളാണ് താന്‍. അതിനാല്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തനിക്ക് നന്നായി അറിയാമെന്ന് സന്തോഷ് പറയുന്നു.