സിനിമാ പാരമ്പ്യര്യമുള്ള കുടുംബത്തില്‍ നിന്നാണ് സാറ ബോളിവുഡിലെത്തിയെതെങ്കിലും  അഭിനയം തനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നെന്ന് സാറ പറയുന്നു

ദില്ലി: ചിത്രം സിമ്പയുടെ വിജയത്തിലാണ് അഭിനേത്രിയും സെയ്ഫ് അലി ഖാന്‍റെയും അമൃതാ സിംഗിന്‍റെയും മകളായ സാറാ അലി ഖാന്‍. സിനിമാ പാരമ്പ്യര്യമുള്ള കുടുംബത്തില്‍ നിന്നാണ് സാറ ബോളിവുഡിലെത്തിയെതെങ്കിലും അഭിനയം തനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നെന്ന് സാറ പറയുന്നു. അഭിനയം ചെറുപ്പംമുതലേ സാറയുടെ മനസിലുണ്ടായിരുന്നു. എന്നാല്‍ വണ്ണവും പിന്നെ തന്‍റെ മടിയും സിനിമ എന്ന സ്വപ്നത്തില്‍ നിന്ന് തന്നെ അകറ്റിയെന്ന് സാറ പറഞ്ഞു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാറ പഠനത്തിന്‍റെ അവസാന വര്‍ഷം ആക്റ്റിംഗ് കോഴ്സ് ചെയ്യുകയായിരുന്നു. 

എന്നാല്‍ സിനിമ കരിയറാക്കണമെന്നതിന് മുന്‍പ് മെഡിസിന്‍ ചെയ്യണമെന്നായിരുന്നു സാറയുടെ ആഗ്രഹം. എന്നാല്‍ കൈകള്‍ക്ക് ചെറിയ വിറയലുള്ളതിനാല്‍ സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അത് ഉപേക്ഷിച്ച സാറ ഹിസ്റ്ററിയിലേക്കും പൊളിറ്റിക്കല്‍ സയന്‍സിലേക്കും തിരിയുകയായിരുന്നു. പഠിക്കാന്‍ നന്നായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സാറയുടെ പുസ്തകങ്ങള്‍ അമ്മ അമൃത സിംഗ് ഒളിപ്പിച്ചുവെക്കുമായിരുന്നത്രേ. ഒരുപരിധിയില്‍ കൂടുതല്‍ പഠിക്കുന്നത് സാധാരണമല്ലെന്നായിരുന്നു അമ്മയുടെ വാദമെന്ന് സാറ പറയുന്നു.