തൃശ്ശൂര്‍: നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറാ ജോസഫ്. വിങ്‌സ് എന്ന സംഘടനയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് ഓണക്കോടി നല്‍കിയത്. ഭാവനയുടെ വീട്ടിലെത്തിയാണ് മുണ്ടും വേഷ്ടിയുമാണ് സമ്മാനമായി നല്‍കിയത്. 

 വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന പതിവ് രീതി തുടരാന്‍ താന്‍ തയാറല്ലെന്ന് ഭാവന കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. സിനിമയില്‍ വരുന്ന സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്നും ഭാവന പറഞ്ഞു. ചലച്ചിത്ര രംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനാല്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഭാവന പറഞ്ഞിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് സാറാജോസഫും സംഘവും ഭാവനയുടെ വീട്ടിലെത്തിയത്. 

 ഇത് വിപ്ലകരമായ ഒരു നിലപാടാണ് ഈ തീരുമാനത്തെ അഭിനന്ദിക്കാനാണ് ഭാവനയെ സന്ദര്‍ശിച്ചതെന്ന് സാറാ ജോസഫ് പറഞ്ഞു. സംഘടനയുടെ 25 ഓളം പ്രവര്‍ത്തകരും സാറാ ജോസഫിനോടൊപ്പം എത്തിയിരുന്നു. 

തന്റെ ഓണച്ചിത്രമായ ആദം ജോണ്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുമ്പോഴാണ് മറ്റൊരു സമ്മാനമായി സാറാ ജോസഫ് എത്തിയത്. ആദം ജോണ്‍ അസ്വദിച്ച് ചെയ്ത സിനിമയാണെന്നും ചിത്രീകരണം നടന്ന ദിവസങ്ങളില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചു കിട്ടിയതുപോലെയായിരുന്നുവെന്നും ഭാവന പറഞ്ഞിരുന്നു.