തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലെയും മിക്ക തീയേറ്ററുകളിലും റിലീസ്ദിനം പുലര്‍ച്ചെ മുതല്‍ പ്രദര്‍ശനമുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു തീയേറ്ററില്‍ ദീപാവലി ദിവസം 'സര്‍ക്കാരി'നെ വരവേല്‍ക്കാന്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.

വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസ് ചിത്രം സര്‍ക്കാരിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു. കേരളത്തിലുള്‍പ്പെടെ വന്‍ പ്രതികരണമാണ് ശനിയാഴ്ച ആരംഭിച്ച അഡ്വാന്‍സ് റിസര്‍വേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും, റിലീസ് ദിനമായ ചൊവ്വാഴ്ചയുള്ള പല പ്രദര്‍ശനങ്ങളും ഇതിനകം ഹൗസ്ഫുള്‍ ആയി. ദീപാവലി ദിവസം അഞ്ച് മണി മുതല്‍ പ്രദര്‍ശനമുണ്ട്. 

തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലെയും മിക്ക തീയേറ്ററുകളിലും റിലീസ്ദിനം പുലര്‍ച്ചെ മുതല്‍ പ്രദര്‍ശനമുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു തീയേറ്ററില്‍ ദീപാവലി ദിവസം സര്‍ക്കാരിനെ വരവേല്‍ക്കാന്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. തളിക്കുളത്തുള്ള കാര്‍ത്തിക മൂവീസ് ആണ് ഇത്തരത്തില്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററായ കാര്‍ത്തികയില്‍ പുലര്‍ച്ചെ 5ന് തുടങ്ങി എട്ട് പ്രദര്‍ശനങ്ങളുണ്ട് റിലീസ് ദിനത്തില്‍.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്റര്‍നാഷണലിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം.