മഞ്ജു വാര്യരെ പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യരെന്ന് അവര്‍ പറഞ്ഞു. അതിരുകൾ ഭേദിക്കാനുള്ള കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ടെന്നും ശാരദക്കുട്ടി കുറിച്ചു.
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ എന്ന് ശാരദക്കുട്ടി പറയുന്നു. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് താരമെന്നും അവർ പറയുന്നു.
"ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യർ. അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്", എന്നായിരുന്നു ശാരദക്കുട്ടിയുടെ വാക്കുകൾ.
സിനിമയില്‍ നിന്നും ഒരിടവേള എടുത്ത ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചുവന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അവര്‍ സജീവമായി. ധനുഷ്, അജിത്ത്, രജനികാന്ത്, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവിന് ബൈക്ക് റൈഡും ഹരമാണ്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് മഞ്ജു പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. ധനുഷ്കോടി വഴി ബൈക്ക് ഓടിക്കുന്ന മഞ്ജുവായിരുന്നു വീഡിയോയില്‍. ഇരുന്നും നിന്നുമെല്ലാം താരം വണ്ടി ഓടിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്. റോള്‍ മോഡലാണ് മഞ്ജു എന്നാണ് ഏവരും പറഞ്ഞത്.



