Asianet News MalayalamAsianet News Malayalam

ഫസ്റ്റ് ഡേ കളക്ഷനില്‍ 'സഞ്ജു'വിനെ പിന്തള്ളിയോ 'സര്‍ക്കാര്‍'? കണക്കുകള്‍ ഇങ്ങനെ

നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ രാജ്കുമാര്‍ ഹിറാനി ചിത്രം 'സഞ്ജു'വായിരുന്നു ഈ വര്‍ഷത്തെ എല്ലാ ഭാഷകളിലുമുള്ള ഇന്ത്യന്‍ റിലീസുകളില്‍ റിലീസ്ദിന കളക്ഷനില്‍ ഇതുവരെ ഒന്നാമത്.

sarkar got highest opening collection this year in india
Author
Chennai, First Published Nov 7, 2018, 7:59 PM IST

കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്ടുകളില്‍ ഒന്നായിരുന്നു 'സര്‍ക്കാര്‍'. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരുഗദോസും വിജയ്‌യും ഒരുമിച്ച ചിത്രം ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ആദ്യദിനം 2.41 കോടി നേടി റെക്കോര്‍ഡിട്ട ചിത്രത്തിന്റെ റിലീസ് ദിന ആഗോള കളക്ഷന്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ കോളിവുഡിനൊപ്പം ബോളിവുഡ് വൃത്തങ്ങളിലും കൗതുകമുണര്‍ത്തുന്ന മറ്റൊരു വിവരം ഇപ്പോള്‍ പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളിലുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍ ഇപ്പോള്‍ 'സര്‍ക്കാരി'ന്റെ പേരിലാണ് എന്നതാണ് അത്.

നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ രാജ്കുമാര്‍ ഹിറാനി ചിത്രം 'സഞ്ജു'വായിരുന്നു ഈ വര്‍ഷത്തെ എല്ലാ ഭാഷകളിലുമുള്ള ഇന്ത്യന്‍ റിലീസുകളില്‍ റിലീസ്ദിന കളക്ഷനില്‍ ഇതുവരെ ഒന്നാമത്. പിന്നീട് ഒട്ടേറെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യദിനം നേടിയത് 34.75 കോടിയായിരുന്നു (നെറ്റ്). അതിന് മുകളില്‍ വരും 'സര്‍ക്കാരി'ന്റെ ഇന്ത്യ ഓപണിംഗ് കളക്ഷനെന്നാണ് വിവരം.

ഇന്ത്യയില്‍ നിന്നാകമാനം 48 കോടി ഗ്രോസ് നേടിയ സര്‍ക്കാരിന്റെ നെറ്റ് കളക്ഷന്‍ 35 കോടിയാണെന്ന് സുമിത് കദേല്‍ ഉള്‍പ്പെടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തു. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇതില്‍ ചിലത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയ ഓപണിംഗ് ഡേ ഗ്രോസ് കളക്ഷന്‍ 34 കോടിയാണെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലും യുകെയിലും ഓസ്‌ട്രേലിയയിലുമൊക്കെ ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Follow Us:
Download App:
  • android
  • ios