ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്
മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ, ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന് തോന്നിപ്പോവുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അങ്ങനെയൊരു മാജിക് മോഹൻലാലിന് ഉണ്ടെന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.
"സന്ദീപ് ബാലകൃഷ്ണനിലേക്ക് എത്തുമ്പോൾ അന്ന് ടി.പി. ബാലഗോപാലനിൽ അഭിനയിക്കാനെത്തിയ മോഹൻലാലിൽ കണ്ട പ്രത്യേകതകളിൽ ഒരു മാറ്റവും ഇല്ലാത്ത, സിൻസിയർ ആയ അപ്രോച്ച് തന്നെയാണ് അദ്ദേഹത്തിനിപ്പോഴും. ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും നന്നായി ബിഹേവ് ചെയ്യുന്ന അഭിനേതാവാണ് മോഹൻലാൽ. മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്ന് തോന്നി പോകും. അങ്ങനെ ഒരു മാജിക് ഉണ്ട് പുള്ളിക്ക്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല." സത്യൻ അന്തിക്കാട് പറഞ്ഞു.
അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്.


