ചെന്നൈ: കാവേരി വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കര്‍ണാടകത്തോട് മാപ്പപേക്ഷിച്ച് നടന്‍ സത്യരാജ്. ഒന്‍പത് വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബാഹുബലി രണ്ടാംഭാഗത്തിന്റെ റിലീസ് തടയരുതെന്ന് അഭ്യര്‍ത്ഥിച്ച് സത്യരാജ് പ്രസ്താവനയിറക്കി. നടന്‍ മാപ്പ് പറഞ്ഞതോടെ സിനിമക്കെതിരായ പ്രതിഷേധം തീവ്ര കന്നഡ അനുകൂല സംഘടനകള്‍ അവസാനിപ്പിച്ചേക്കും.
ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബാഹുബലി രണ്ടാംഭാഗത്തിന്റെ റിലീസ് തടയരുതെന്ന് അഭ്യര്‍ത്ഥിച്ച് സത്യരാജ് പ്രസ്താവനയിറക്കി. ഞാന്‍ കര്‍ണാടകത്തിലുളളവര്‍ക്ക് എതിരല്ല. ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ കര്‍ണാടകത്തിലുളളവരുടെ മനസ്സ് വേദനിച്ചതില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ക്ഷമചോദിക്കുന്നു. തന്റെ പേരില്‍ ചിത്രത്തിന്റെ നിര്‍മാതക്കള്‍ക്കും സംവിധായകനും നഷ്ടമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സത്യരാജ് വ്യക്തമാക്കി.
എന്നാല്‍ കാവേരിയടക്കം തമിഴരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇനിയും കൂടെ നില്‍ക്കുമെന്നും സത്യരാജ് വ്യക്തമാക്കുന്നു. നടന്‍ മാപ്പ് പറഞ്ഞതോടെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധസമരം അവസാനിപ്പിക്കാനുളള ആലോചനയിലാണ് റിലീസ് ദിവസമായ ഏപ്രില്‍ ഇരുപത്തിയെട്ടിന് ബന്ദടക്കം പ്രഖ്യാപിച്ച കന്നഡ അനുകൂല സംഘടനകള്‍. ചിലരാകട്ടെ എഴുതിത്തയ്യാറാക്കിയ പ്രസ്താവന കൊണ്ട് കാര്യമില്ലെന്നും സത്യരാജ് തങ്ങളെ നേരിട്ട് വിളിച്ച് മാപ്പുപറയണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സംഘടനകള്‍ക്ക് ഒപ്പം കൂടിയ കര്‍ണാടക ഫിലിം ചേംബറിന്റെ നിലപാടും നിര്‍ണായകമാകും. സംവിധായകന്‍ രാജമൗലിയടക്കം ചര്‍ച്ച നടത്തിയിട്ടും സത്യരാജിന്റെ മാപ്പില്ലാതെ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്റെ അഭ്യര്‍ത്ഥനയും വന്നു. ഒടുവില്‍ സത്യരാജ് മാപ്പ് പറയാന്‍ തയ്യാറായത് ബ്രഹ്മാണ്ഡ ചിത്രത്തിന് പണം മുടക്കിയവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
