ആഭ്യന്തര ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരെയും ഫിലിം സ്റ്റുഡിയോകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുമാണ് സൗദി തയ്യാറാക്കിയിരിക്കുന്നത്.

റിയാദ്: നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ അടുത്തിടെയാണ് സിനിമാ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള സിനിമാ നിര്‍മ്മാതാക്കളെ സൗദിയിലേക്ക് ക്ഷണിക്കുകയാണ് രാജ്യം. സിനിമാ ചിത്രീകരണങ്ങള്‍ക്ക് വന്‍ റിബേറ്റാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 

ആഭ്യന്തര ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരെയും ഫിലിം സ്റ്റുഡിയോകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുമാണ് സൗദി തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമകളുടെ എല്ലാ ചിലവുകള്‍ക്കും 30 ശതമാനം റിബേറ്റ് നല്‍കും. നിര്‍ദ്ദിഷ്‌ട മാനദണ്ഡ‍ങ്ങള്‍ പാലിക്കുന്നവയ്‌ക്ക് കൂടുതല്‍ റിബേറ്റും നല്‍കും. സൗദിയിലെ ലേബര്‍ ചിലവുകള്‍ക്ക് 50 ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ രൂപം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമെ ഡോക്യുമെന്ററികള്‍, എപ്പിസോഡുകളായി ചിത്രീകരിക്കുന്ന സീരീസുകള്‍, അനിമേറ്റഡ് വീഡിയോകള്‍ എന്നിവയ്‌ക്കൊക്കെ ആനുകൂല്യങ്ങള്‍ നല‍്‍കുമെന്ന് സൗദി ജനറല്‍ കള്‍ച്ചര്‍ അതോരിറ്റി സി.ഇ.ഒ അഹമ്മദ് അല്‍ മുസൈദ് അറിയിച്ചു.

നിലവില്‍ ചലച്ചിത്ര നിര്‍മ്മാണത്തിന് അബുദാബി ഭരണകൂടം 30 ശതമാനവും മൊറോക്കോ 20 ശതമാനവും ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഇത് മറികടന്ന് ഗള്‍ഫിലെ പ്രധാന സിനിമാ ചിത്രീകരണ മേഖലയാക്കി രാജ്യത്തെ മാറ്റാണ് സൗദിയുടെ തീരുമാനം. സൗദിയുടെ സംസ്കാരവും ജനങ്ങളെയും അടുത്തറിയാനും ലോക രാജ്യങ്ങള്‍ക്കുള്ള ക്ഷണമാണിതെന്നായിരുന്നു ജനറല്‍ കള്‍ച്ചര്‍ അതോരിറ്റി സി.ഇ.ഒ വിശേഷിപ്പിച്ചത്.