'കീര്‍ത്തിയെ കണ്ടപ്പോള്‍ അമ്മ നടന്നു വരുന്നതുപോലെ തോന്നി'

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം മഹാനടി എന്ന ചിത്രം തെലുങ്കിലാണ് ചിത്രം ഇപ്പോള‍് റിലീസായിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ജെമിനി ഗണേഷനെ അവതരിപ്പിച്ചിരിക്കുന്നത്.

സാവിത്രിയുടെ വേഷത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷ് എത്തുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് കീര്‍ത്തി സുരേഷിന് ലഭിക്കുന്നത്. 110 ലുക്കിലാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കീര്‍ത്തിയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരി. ഷൂട്ടിങ് സമയത്ത് കീര്‍ത്തി തന്നെ വിളിക്കാറുണ്ടെന്നും അമ്മയുടെ പെരുമാറ്റത്തെകുറിച്ചും ഭക്ഷണ രീതിയെ കുറിച്ചും ചോദിച്ചു മനസിലാക്കാറുണ്ടെന്നും വിജയ പറഞ്ഞു. ഷൂട്ടില്‍ സെറ്റില്‍ പോകുമ്പോള്‍, ഷൂട്ടിങ് ഇടവേളകളില്‍ കീര്‍ത്തി തന്‍റെ അടുത്ത് വരുന്നത് അമ്മ നടന്നു വരുന്നതുപോലെ ഉണ്ടായിരുന്നു എന്നാണ് വിജയ പറഞ്ഞത്. വൈകാരികമായായിരുന്നു വിജയയുടെ പ്രതികരണം. ചിത്രത്തില്‍ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ പൂര്‍ണമായും സത്യമാണ് അമ്മയുടെ ജീവിതമാണ് ചിത്രം പകര്‍ത്തിയതെന്നും വിജയ പ്രതികരിച്ചു.