തിരക്കഥ മോഷ്ടിച്ച് സ്റ്റാറാവുന്ന രാജപ്പനെ ഉദയനാണ് താരം എന്ന സിനിമയില്‍ നാം കണ്ടത് അത്ര പെട്ടെന്ന് മറക്കാനിടയില്ല. നമ്മളെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് രാജപ്പന്‍. ഉദയഭാനുവിന്‍റെ കഥ മോഷ്ടിച്ച് രാജപ്പന്‍ സ്റ്റാറായായതും, നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ഉദയഭാനുവിനെയും അഭ്രപാളിയില്‍ മാത്രം തെളിഞ്ഞു കണ്ട കെട്ടുകഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതാ ഒരു സംഭവ കഥ..
2002 ല്‍ എം.സിന്ധുരാജ് അന്നു സിനിമയ്ക്കു തിരക്കഥയെഴുത്തു തുടങ്ങിയിട്ടില്ല. ആദ്യ സിനിമയായ 'പട്ടണത്തില്‍ സുന്ദരന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്‍പ് അഞ്ചാറു പ്രഫഷനല്‍ നാടകം എഴുതിയതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലുള്ള തന്‍റെ സുഹൃത്ത് തിരുവനന്തപുരം ജില്ലയിലെ ഒരു സമിതിക്കുവേണ്ടി ഒരു നാടകമെഴുതാന്‍ സിന്ധുരാജിനോട് ആവശ്യപ്പെട്ടു. നാടക സമിതയുടെ ഉടമയുടെ വീട്ടില്‍ താമസിച്ചായിരുന്നു എഴുത്ത് തുടങ്ങിയത്. ഒന്നര മാസത്തെ എഴുത്തുവാസത്തിനിടെ ആ വീട്ടുകാരും ബന്ധുക്കളുമൊക്കെയായി നല്ല അടുപ്പമായി.
എന്നാല്‍ എഴുത്ത് കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി ഓരോ സംഭവങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. പണം ചോദിച്ചപ്പോള്‍ ഉടമസ്ഥന്‍ വഴിമാറി നടക്കാന്‍ തുടങ്ങി,പിണങ്ങി, മാത്രമല്ല സിന്ധുവിനെ അവിടുന്ന് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ ഒരു പ്രതീക്ഷ മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. എന്തയാലും തന്‍റെ പേരില്‍ നാടകം അരങ്ങിലെത്തുമെന്ന ഒരു ആശ്വാസത്തോടെയാണ് സിന്ധു അവിടുന്ന് മടങ്ങിയത്. ഇവിടയാണ് ഉദയനാണ് താരത്തിലേതുപോലെ സംഭവങ്ങള്‍ മാറിമറിയുന്നത്. താന്‍ എഴുതിയ നാടകം മറ്റൊരാളുടേതായി മാറി റിഹേഴ്‌സല്‍ നടക്കുന്നുവെന്ന് വൈകിയാണ് അറിഞ്ഞത്.
എഴുത്തുകാലത്ത് ആ വീട്ടില്‍ ഇടയ്ക്കിടെ വന്നിരുന്ന, സമിതി ഉടമയുടെ ബന്ധുവായ പയ്യന്റെ പേരിലാണു സ്‌ക്രിപ്റ്റ് മറ്റൊരു സമിതിക്കു മറിച്ചുകൊടുത്തതെന്ന ഞെട്ടിക്കുന്ന സത്യം സിന്ധു തിരിച്ചറിഞ്ഞു. കണിച്ചുകുളങ്ങരയിലാണു റിഹേഴ്‌സല്‍ ക്യാംപ്. സംവിധായകന്‍: ഗീഥാ സലാം. സിന്ധുരാജ് അവിടെച്ചെന്നു സലാമിനോടു സംഭവങ്ങള്‍ തുറന്നുപറഞ്ഞു. 'താങ്കള്‍ പറയുന്നതു ശരിയായിരിക്കും. പക്ഷേ, ഈ നാടകം എന്റെ കയ്യില്‍ കിട്ടിയതു മറ്റൊരാളുടെ പേരിലാണ്' എന്ന നിസ്സഹായാവസ്ഥ സലാം പങ്കുവച്ചു. അവിടുന്ന് നിരാശയോടെ സിന്ധു മടങ്ങി പിന്നീട് ഒരിക്കലും നാടകം എഴുതിയില്ല.
കാലം കടന്നുപോയപ്പോള്‍ സിന്ധുരാജ് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായി. സിന്ധു എഴുതിയ 'ജലോത്സവ'ത്തില്‍ ഗീഥാ സലാം മുഴുനീള വേഷം ചെയ്തു. അവസരം തേടി വിളിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു ദിവസം വന്നത്, ആ പഴയ നാടകസമിതി ഉടമയുടെ മകന്റെ ഫോണ്‍ കോളായിരുന്നു! പെട്ടന്ന്് സിന്ധുവിന് പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നു. എന്തും പറഞ്ഞുപോകുന്ന മാനസികാവസ്ഥയിലായിരുന്നു സിന്ധു.'നോക്കട്ടെ. പറ്റുന്ന വേഷം വല്ലതും വരുമ്പോള്‍ ഞാന്‍ അറിയിക്കാം' എന്നു പറഞ്ഞുകൊണ്ട് സിന്ധു ഫോണ്‍ കട്ട് ചെയ്തു.
