ചെന്നൈ: മറ്റൊരു കിടിലൻ ലുക്കുമായി എത്തിയിരിക്കുകയാണ് വിജയ്‌ സേതുപതി. തന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ ‘സീതാകാതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ 40-ാം പിറന്നാള്‍ ദിനത്തിലാണ് വിജയ് സേതുപതി പുറത്തുവിട്ടത്. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ്‌ സേതുപതി എത്തുന്നത്‌. വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്‌ ഓസ്കാര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്.

2012ല്‍ ബാലാജി സംവിധാനം ചെയ്ത നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിലും വിജയ്‌ സേതുപതി തന്നെയായിരുന്നു നായകന്‍. ചിത്രത്തിന് ലഭിച്ച വലിയ വരവേല്‍പ്പ് വിജയ്‌യുടെ അഭിനയജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കി. വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് ഓര്‍മ്മ നഷ്ടപ്പെടുന്ന കഥാപാത്രത്തിന്‍റെ റോള്‍ വിജയ്‌ സേതുപതി അനശ്വരമാക്കി.

ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെയാണ് ഈ നാല്പതുകാരന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. 

സിനിമയോടുള്ള സ്നേഹവും അഭിനയത്തിനോടുള്ള അടങ്ങാത്ത ആവേശവും കൈമുതലാക്കി എത്തിയ വിജയ്‌, വളരെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് ഇന്നത്തെ നിലയിലേക്ക് എത്തുന്നത്‌. വന്ന വഴി മറന്നില്ല എന്നതു കൊണ്ടും താരപദവിയില്‍ എത്തിയിട്ടും വിനയം കൈവിടാത്തത് കൊണ്ടും തമിഴ് മക്കള്‍ സ്നേഹപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേരാണ് ‘മക്കള്‍ സെല്‍വന്‍’.