മലയാളത്തിലെ തുടര്‍ച്ചകളുണ്ടായ സിനിമകളില്‍ ഏറ്റവും വിജയം നേടിയതാണ് സിബിഐ സിനിമകള്‍. സേതുരാമയ്യര്‍ എന്ന സിബിഐ ആയി മമ്മൂട്ടി അഭിനയിച്ച നാലു സിനിമകളും വന്‍ ഹിറ്റുകളുമായിരുന്നു. ഇപ്പോഴിതാ സിബിഐ സിനിമയെ കുറിച്ച് പുതിയ വാര്‍ത്ത. സിബിഐ സിനിമകള്‍ക്ക് അഞ്ചാം ഭാഗം ഒരുങ്ങാന്‍ സാധ്യതയെന്നതാണ് വാര്‍ത്ത. സംവിധായകന്‍ കെ മധു തന്നെയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലൂടെ സൂചന നല്‍കിയത്.

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വീണ്ടും സേതുരാമയ്യര്‍ സിബിഐയെ വെള്ളിത്തിരയിലെത്തിച്ചേക്കുമെന്നാണ് കെ മധു സൂചിപ്പിക്കുന്നത്. മമ്മൂട്ടിയും ഞാനും എസ്‍ എന്‍ സ്വാമിയും കൂടി 1988ൽ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ആത്മാര്‍ത്ഥയോടെ ഒരേ മനസ്സോടെ ഞങ്ങള്‍ പ്രവത്തിര്‍ത്തിച്ചതു കൊണ്ടാണ്, ഒരു സി ബി ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സിബിഐ എന്നീ നാലു ചിത്രങ്ങൾ ഒരുക്കാൻ സാധിച്ചത്. ഇനി ഒരിക്കൽ കൂടി മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത് കാണാൻ ഞങ്ങളുടെ കുട്ടായ്മയെ അഗീകരിച്ച പ്രേക്ഷകർ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അറിയാം. മലയാള സിനിമയുടെ ചരിത്രമാകാന്‍ പോകുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിയ്ക്കുക.. കെ മധു ഫേസ്ബുക്കില്‍ പറയുന്നു.