വന്‍ പ്രതീക്ഷയോടെ എത്തിയ ഷാരൂഖ് ഖാൻ ചിത്രമായിരുന്നു ജബ് ഹാരി മെറ്റ് സേജൽ. അനുഷ്ക ശർമയായിരുന്നു ചിത്രത്തിലെ നായിക. എന്നാൽ ചിത്രം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. ഷാരൂഖ് ആരാധകർപോലും കൈവിട്ട ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ അവസ്ഥ വളരെ പരിതാപകരമാണെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു.
ഇതിനു പിന്നാലെ സിനിമയുടെ നഷ്ടം നികത്താൻ കിംഗ് ഖാൻ സഹായിക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സീ സ്റ്റുഡിയോസ്. സിനിമയുടെ ഇന്ത്യയിലെ വിതരണാവകാശം സീ സ്റ്റുഡിയോസിനായിരുന്നു. സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തിന്റെ ഒരു പങ്ക് ഷാരൂഖ് ഖാൻ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പരാജയത്തേതുടർന്ന് അതിലെ നായകൻ സൽമാൻ ഖാൻ താൻ പ്രതിഫലമായി വാങ്ങിയ തുകയുടെ ഒരു ഭാഗം നിർമാതാക്കൾക്ക് തിരികെ നൽകിയിരുന്നു. ഷാരൂഖും ഇതേ പാത പിൻതുടരണമെന്നാണ് സീ സ്റ്റുഡിയോസിന്റെ ആവശ്യം.
