തന്‍റെ നിലപാട് ഏത് കൊമ്പന് മുന്നിലും തുറന്നു പറയാന്‍ ധൈര്യമുള്ള ബോളിവുഡ് നടി ആരാണ്, സംശയം വേണ്ട കങ്കണ തന്നെ. ബോളിവുഡില്‍ ഇതിനാല്‍ കങ്കണയോട് ദേഷ്യമുള്ളവര്‍ ഏറെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഋത്വിക് റോഷനുമായിട്ടായിരുന്നു യുദ്ധമെങ്കില്‍ ഈ വര്‍ഷം ഷാരുഖ് ഖാനെയാണ് കങ്കണ ശത്രുവാക്കിയിരിക്കുന്നത് എന്നാണ് ബിടൗണ്‍ വര്‍ത്തമാനം.

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നതിനാല്‍ ഷാരൂഖ് പിന്മാറി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കരണ്‍ ജോഹറിന്‍റെ ചാറ്റ് ഷോയില്‍ ഏത് ഖാനൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യം എന്ന് ചോദിച്ചപ്പോള്‍ ആരുമായും അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു നടിയുടെ മറുപടി. 

ഇതിനാലാണ് ഷാരൂഖ് പിന്മാറിയതെന്നായിരുന്നു വാര്‍ത്ത. കാത്തിരുന്ന് സമാനമായ തിരിച്ചടി കങ്കണയും നല്‍കിയിരിക്കുകയാണ്. ആനന്ദ് എല്‍ റായിയുടെ ബ്ലൂ ഐയ്ഡ് ഗേള്‍ എന്ന ചിത്രത്തിലെ നായികയാകാന്‍ കങ്കണ സമ്മതിച്ചിരുന്നു, എന്നാല്‍ ഷാരുഖ് ഉണ്ടെന്നറിഞ്ഞതോടെ കങ്കണ പിന്മാറി. 
ബന്‍സാലിയോട് ഷാരൂഖ് പറഞ്ഞ ഡയലോഗ് തന്നെ ആനന്ദിനോട് കങ്കണയും പറഞ്ഞു. താങ്കളുടെ കൂടെ അടുത്ത ചിത്രത്തില്‍ ഞാന്‍ ഉണ്ടാകുമെന്നായിരുന്നു മറുപടി. ഇതോടെ വളരെ മാന്യമായി തന്നെ കങ്കണ പ്രതികാരം ചെയ്തു.