യുദ്ധസിനിമയിൽ നായകനാകാൻ ഷാരൂഖ്. സ്വന്തം കമ്പനിയായ റെഡ് ചില്ലീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ സൈനികന്റെ വേഷം അണിയാൻ തയ്യാറെടുക്കുകയാണ് സൂപ്പർതാരം.

ഷാരൂഖിനെ ആദ്യമായി പ്രേക്ഷകർ കണ്ടത് സൈനികനായിട്ടാണ്. ഹിറ്റ് ടെലിവിഷൻ പരമ്പര ഫൗജി. സൂപ്പർ ഹിറ്റ് ഫൗജി പിന്നീട് താരത്തിന് വെള്ളിത്തിരയിലേക്കുള്ള ചവിട്ടുപടിയായി. സിനിമയിൽ അപൂർവ്വമായിട്ടേ ഷാരൂഖ് സൈനികവേഷങ്ങൾ ചെയ്തിട്ടുള്ളൂ. ആരാധകർക്ക് മുന്നിലേക്ക് താരം ഇനി എത്തുന്നത് യുദ്ധസിനിമയുമായിട്ടാണ്. മുഴുനീള സൈനികനായി. ഹോളിവുഡിനോട് കിടപിടിക്കുന്ന യുദ്ധരംഗങ്ങൾ വൻ മുതൽ മുടക്കിലൊരുക്കുന്ന ചിത്രത്തിൽ പ്രതീക്ഷിക്കാമെന്നാണ് റെഡ് ചില്ലീസിന്റെ അവകാശവാദം. ഷാരൂഖിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും അധികൃതർ പറയുന്നു.

സിയറ ലിയോണിൽ വിമതരുടെ കയ്യിൽ അകപ്പെട്ടുപോയ യുഎന്‍ സമാധാനപ്രവർത്തകരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തുന്ന ദൗത്യമാണ് പ്രമേയം. 120 അംഗ ടീമുമായി ആഫ്രിക്കയിലെത്തിയ ലഫ്.കേണൽ ഹരീന്ദർ സൂദിന്റെ നേതൃത്വത്തിലുള്ള സുരക്ഷാപ്രവർത്തനം വിജയമായിരുന്നു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ അഭിമാനദൗത്യങ്ങളിലൊന്നായ സംഭവം വെള്ളിത്തിരയിൽ എത്തിക്കാൻ വൻ തയ്യാറെടുപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഫ്രിക്കയിൽ തന്നെ സിനിമ ചിത്രീകരിക്കാനാണ് ശ്രമം.

ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങും. സംവിധായകൻ അടക്കമുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.