മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി സൂപ്പര്‍ഹിറ്റായി കുതിക്കുകയാണ്. ആദിയിലെ പ്രണവിന്‍റെ അഭിനയത്തെ കുറിച്ച് നിരവധി സിനിമാ പ്രവര്‍ത്തകരും മറ്റും പ്രശംസിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളെ വാനോളം ഉയര്‍ത്തുന്ന ഷാജി കൈലാസ് പ്രണവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

" പ്രണവ് അതിശയിപ്പിച്ചു, കുഞ്ഞിലേ മുതല്‍ക്കേ കാണുന്ന കുട്ടിയാണ്. അവനില്‍ നിന്ന് ഇങ്ങനെയൊരു ആക്ഷന്‍ പ്രതീക്ഷിച്ചതേയില്ല. ആദിയുടെ റിസള്‍ട്ട് എന്താകുമെന്ന ചെറിയൊരു പേടി എനിക്കുമുണ്ടായിരുന്നു. മാത്രമല്ല ആദ്യം ചിത്രം എങ്ങനെയാകുമെന്ന ആകാംക്ഷയും ഉണ്ടായിരുന്നു. പക്ഷേ ആദ്യ ചിത്രമെന്ന ചിന്തയെ അപ്പാടെ പ്രണവ് മാറ്റിയെടുത്തു. അതും ആദ്യ സീനിലൂടെ തന്നെ. പ്രണവിന്‍റെ ആദ്യ ചിത്രമെന്ന് തോന്നുകയേയില്ല.

 പ്രണവ് ആദ്യ ചിത്രത്തില്‍ തന്നെ തന്‍റെ ശരീര ഭാഷ ആക്ഷനും നന്നായി ഉതകുന്നതാണെന്ന് തെളിയിച്ചു. ആക്ഷന്‍ ചെയ്യാന്‍ താല്‍പര്യമുള്ള സംവിധായകര്‍ക്കായുള്ള നായകന്‍ കൂടുയാണിത്. പ്രണവിന്‍റെ ക്വാളിറ്റി അനുസരിച്ച് വളരെ മനോഹരമായ ആക്ഷന്‍ രംഗങ്ങളാണ് തീരുമാനിച്ചതും അത് അതേപടി നടപ്പിലാക്കുകയും ചെയ്തു. അവിടെയാണ് സംവിധായകന്‍ വിജയിച്ചത്. അവന്‍ വളരെ നന്നായി ആക്ഷന്‍ രംഗങ്ങളൊക്കെ പഠിച്ചിട്ടുണ്ടാകും. നല്ല മെയ് വഴക്കമുണ്ട്. സത്യത്തില്‍ അവനില്‍ നിന്ന് ഇത്തരത്തിലുള്ള ആക്ഷന്‍ പ്രതീക്ഷിച്ചതേയില്ല". ഷാജി കൈലാസ് പറഞ്ഞു.