നടി എന്നതിലുപരി നര്‍ത്തകി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ഷംന കാസിം. മൊഞ്ചുള്ള ഈ സുന്ദരിയിപ്പോള്‍ മൊട്ടയടിച്ച് ലുക്ക് മാറ്റിയിരിക്കുകാണ്. ഇതിന് പിന്നില്‍ വലിയൊരു കാരണമുണ്ട്. മുത്തയ്യ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ കൊടിവീരനിലേക്ക് വേണ്ടിയാണ് താരം മൊട്ടയടിച്ചത്.

തല മൊട്ടയടിക്കാന്‍ മാര്‍ഗങ്ങള്‍ പലതുമുണ്ടായിട്ടും ആ വിദ്യകളെല്ലാം ഉപേക്ഷിച്ച് യഥാര്‍ത്ഥത്തില്‍ മൊട്ടയടിച്ചതിന്റെ കാരണം ഷംന തന്നെ പറയുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ആത്മവിശ്വാസം തന്ന കഥാപാത്രങ്ങളിലൊന്നാണിത്. മൊട്ടയടിക്കുന്ന കാര്യത്തില്‍ ആദ്യം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ കേട്ടിട്ട് തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. തിരക്കഥ കേട്ടതോടെ മനസ്സ് മാറി. മൊട്ടയടിച്ചു. 

വളരെ സ്വഭാവികമായി ചിത്രീകരിക്കുന്ന സിനിമയില്‍ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നു. മധുരയില്‍ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് മുടി വടിച്ചത്. ഈ സീനും ചിത്രത്തിലുണ്ട് വളരെ നിര്‍ണായകമായ സീന്‍ ആയിരുന്നു അത്. അതിന് ശേഷമാണ് ഇതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ മൊട്ടയടിച്ച ചിത്രം ഇതുവരെ പുറത്ത് വിട്ടിട്ടില്ലായിരുന്നു. സ്വയം കണ്ട് ആനന്ദിക്കുകയാണ് ചെയ്തിരുന്നത്.