2018 ലെ ഓസ്കര്‍ നോമിനേഷനുകളില്‍ വിവിധ വിഭാഗങ്ങളിലായി 13 നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രമാണ് 'ദ ഷേപ്പ് ഓഫ് വാട്ടര്‍'. നാളെയാണ് 90 ാമത് അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഫാന്‍റസി ഡ്രാമാ വിഭാഗത്തിലുള്ള ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച സംവിധായകന്‍, മികച്ച ചിത്രം, മികച്ച നായിക, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച സംഗീതം, മികച്ച സ്ക്രീന്‍ പ്ലേ, മികച്ച സിനിമാറ്റോഗ്രഫി, മികച്ച വസ്ത്രാലങ്കാരം, മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച സൌണ്ട് മിക്സിംഗ്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സൌണ്ട് എഡിറ്റിംഗ് തുടങ്ങിയവയ്ക്കായാണ് മത്സരിക്കുന്നത്.

അത്ഭുതജീവിയോട് മൂകയായ സ്ത്രീക്ക് തോന്നുന്ന പ്രണയമാണ് ഷേപ്പ് ഓഫ് വാട്ടറിന്‍റെ പ്രമേയം. പതിമൂന്ന് നോമിനേഷനുകളുമായി സാധ്യതാ പട്ടികയില്‍ മുന്നില്‍. എന്നാല്‍ ബാഫ്തയും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ലഭിച്ച 'ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൂരി' ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മകളെ പീഡിപ്പിച്ച് കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ പോരാട്ടമാണ് ചിത്രം പറയുന്നത്.

മികച്ച ചിത്രത്തിനായി ഷേപ്പ് ഓ്ഫ് വാട്ടര്‍  മത്സരിക്കുന്നത് ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൂരിയോടും ഡണ്‍കിര്‍ക്കിനോടുമാണ്. മികച്ച സംവിധായകനാകാനുള്ള മത്സരത്തില്‍ ഡണ്‍കിര്‍ക്കിന്‍റെ സംവിധായകന്‍ ക്രസ്റ്റഫര്‍ നോളനുമായിട്ടാണ് ഷേപ്പ് ഓഫ് വാട്ടറിന്‍റെ ഗില്ലെര്‍മോ ഡെല്‍ ടോറ മത്സരിക്കുന്നത്.മെക്സിക്കന്‍ സംവിധായകനും പ്രൊഡ്യൂസറും നോവലിസ്റ്റുമായ ഗില്ലെര്‍മോ ഡെല്‍ ടോറയുടെ ഷേപ്പ് ഓഫ് വാട്ടര്‍ 74 ാമത്  വെനീസ് ചലച്ചിത്ര മേളയിലെ ഗോല്‍ഡന്‍ ലയന്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റാ പുരസ്ക്കാരങ്ങള്‍ ചിത്രം നേടിയതിനൊപ്പം ബെസ്റ്റ് ഡയറക്ടര്‍ക്കുള്ള അക്കാദമി അവാര്‍ഡും ഗില്ലെര്‍മോ ഡെല്‍ ടോറ സ്വന്തമാക്കിയിരുന്നു.