ആരാധകരോട് മനസ്സ് തുറന്ന് ഷാരൂഖ് ഖാന്‍. ഓൺലൈൻ മാധ്യമപ്രഭാഷണ പരിപാടിയായ ടെഡ് ടോക്സിലൂടെയാണ് സ്വതസിദ്ധമായ ശൈലിയില്‍ താരം വ്യക്തിജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചത്. തന്‍റെ മൂന്നാമത്തെ പുത്രന്‍ അബ്രാമിനെ, മൂത്തമകന്‍ ആര്യന്‍റെ അവിഹിത സന്തതി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിലെ വേദന ഷാരൂഖ് പങ്കുവച്ചു.

ഞാൻ 51 വയസ്സുള്ള നടൻ. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്. നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ഷാറൂഖ് പതിയെ തുടങ്ങി. സ്വപ്നങ്ങൾ വിൽക്കുന്നവനെന്ന വിശേഷണത്തോടെയായിരുന്നു ഖാന്‍റെ തുടക്കം.

ദില്ലിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടിക്കാലം, അച്ഛനമ്മമാരുടെ അകാലവിയോഗം, സൂപ്പർതാരമായുള്ള വളർച്ച.. ജീവിതത്തിലെ നല്ലതും ചീത്തയും ഒന്നൊന്നായി ഓർത്തെടുത്തപ്പോള്‍ പലപ്പോഴും കിംഗ്ഖാന്‍റെ കണ്ണുകള്‍ നിറഞ്ഞു.

നാല് വര്‍ഷം മുന്പ് എനിക്കും ഭാര്യ ഗൗരിക്കും പിറന്ന അബ്രാമിനെ പതിനഞ്ച് വയസ്സുള്ള മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു കഥകള്‍. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. വേദനയില്‍ ചാലിച്ചെടുത്ത ഈ വാക്കുകള്‍ പക്ഷേ ആരാധകരിലേക്ക് ഖാന് തൊടുത്തു വിട്ടത് തമാശയായുടെ മേമ്പൊടി ചാലിച്ചായിരുന്നു

യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള പൊരുത്തക്കേടുകളിലേക്ക് വിരല്‍ ചൂണ്ടി ഷാരൂഖ് നടത്തിയ പ്രസംഗത്തിലെ ഒരോ വാക്കും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ എതിരേറ്റത്.