Asianet News MalayalamAsianet News Malayalam

ബോളിവുഡ് ഇതിഹാസ താരം ശശി കപൂര്‍ അന്തരിച്ചു

Shashi Kapoor Dies at Age 79 After Prolonged Illness
Author
First Published Dec 4, 2017, 6:18 PM IST

ബോളിവുഡിലെ പഴയകാല നായകനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു വച്ചായിരുന്നു അന്ത്യം. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശശി കപൂർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് ബുളിവുഡിലെ നായകനിരയില്‍ തിളങ്ങിയ ശശി കപൂറിനെ 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.  160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു. ദീവാർ, സത്യം ശിവം സുന്ദരം, തൃശൂൽ, കഭി കഭി തുടങ്ങിയ ഹിന്ദി ഹിറ്റു സിനിമകളിലൂടെ നായക സങ്കൽപത്തിന് പുതിയ നിർവചനം നൽകിയ നടനാണ് ശശി കപൂർ. 

അന്തരിച്ച രാജ്കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനായ ശശി കപൂർ നാലാം വയസിൽ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിതാവ് പൃഥ്വീരാജ് കപൂറിന്റെ പൃഥ്വീ തിയറ്ററിന്റെ നാടകങ്ങളിലായിരുന്നു തുടക്കം. പിന്നീട് വെള്ളിത്തിരയിൽ സഗ്രം,ധനാപാനി, ആഗ്, ആവാരാ തുടങ്ങിയവയിൽ ബാലനടനായി തിളങ്ങി. ഹിറ്റായ ചില സിനിമകളിൽ മൂത്ത സഹോദരൻ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്.  1961ൽ ഇറങ്ങിയ ധർമ്മപുത്രയിലൂടെ നായക വേഷം. 60കളിൽ താരമായി ഉദിച്ച് മൂന്നു ദശാബ്ദക്കാലം ബോളിവുഡിന്റെ പ്രണയ നായകനായി വിലസി.

പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനായി 1938 ല്‍ കൊല്‍ക്കത്തയിലാണ് ശശി കപൂറിന്റെ ജനനം. 12ഓളം ഇംഗ്ളീഷ് ചിത്രങ്ങളിലും ശശി കപൂർ അഭിനയ മികവു തെളിയിച്ചു. ദി ഹൗസ്ഹോൾഡർ, ഷേക്സ്പിയർ വാലാ, ബോംബെ ടാക്കീസ്, ഹീറ്റ് ആന്റ് ഡസ്റ്റ്, സിദ്ധാർത്ഥ എന്നിവ ഇതിൽപ്പെടും. അമിതാബ് ബച്ചനും റിഷി കപൂറും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അജൂബയുടെ നിർമ്മാതാവും സംവിധായനുമായിരുന്നു. ജുനൂൻ, കലിയുഗ്, 36 ചൗരിംഗി ലേയ്ൻ, വിജേത, ഉൽസവ് തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. ജുനൂൻ 1979ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios