കൊച്ചി: മലയാളിയുടെ ഓണം ജിമിക്കികമ്മല്‍ കൊണ്ടുപോയപ്പോള്‍ താരമായതാണ് ഏറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപികയായി ജോലി ചെയ്യുന്ന ഷെറില്‍. ജിമ്മിക്കി കമ്മല്‍ എന്ന് പാട്ടിനൊപ്പം നൃത്തചുവടുകള്‍ വെച്ചതോടെയാണ് ഷെറില്‍ തരംഗമായത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയാണ് ഷെറില്‍. എന്നാല്‍ ഷെറിലിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ഇതൊന്നുമല്ല. തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്തയാണ്.
എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നാണ് ഷെറില്‍ തന്നെ പറയുന്നത്. തമിഴ് സംവിധായകന്‍ രവികുമാറിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു എന്നത് സത്യമാണ്. എന്നാല്‍ ഏതാണ് വേഷമെന്നോ, നായികയാണോ എന്ന കാര്യം പറഞ്ഞില്ല. താന്‍ അദ്ദേഹം വിളിച്ചപ്പോള്‍ ക്ലാസിലായിരുന്നുവെന്നും അഭിനയിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ തിരിച്ചുവിളിക്കാനാണ് അദ്ദേഹം പറഞ്ഞത്.
തിരിച്ചു വിളിച്ച താന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചത്. എനിക്ക് അധ്യാപനവുമായി മുന്നോട്ട് പോകാനാണിഷ്ടം. മനസ്സുകൊണ്ട് അധ്യാപനമാണ് എനിക്ക് ഇഷ്ടമെന്നും അദ്ദേഹത്തെ താന്‍ അറിയിച്ചെന്നും ഷെറില്‍ വ്യക്തമാക്കി. അതുകൊണ്ട് സിനിമയില്‍ നിന്നും എത്തുന്ന ഓഫറുകള്‍ സ്വീകരിക്കുന്നില്ലെന്നും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
