കഥകേട്ട് പ്രത്യേക താല്‍പര്യം തോന്നിയതുകൊണ്ടാണ് മിനിസ്ക്രീനിലേക്ക് എട്ടുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവെന്ന് നടന്‍ ഷിജു. നിരവധി സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഷിജു. ഇടക്കാലത്ത് സിനിമയിലേക്ക് ചേക്കേറിയിരുന്നു. മികച്ച വേഷങ്ങളുമായി തിരക്കില്‍ നില്‍ക്കുന്നതിനിടയിലാണ്  എട്ട് വര്‍ഷത്തിന് ശേഷം പുതിയ പരമ്പരയായ നീയും ഞാനും എന്ന പരമ്പരയിലേക്ക് വരുന്നത്.

പരമ്പരയുടെ കഥ കേട്ടപ്പോള്‍ സാധാരണ സീരിയലുകളില്‍ നിന്ന് വ്യത്യസ്ഥമാണെന്ന് തോന്നി. അതില്‍ എനിക്ക് താല്‍പര്യവും ഇഷ്ടവും തോന്നയതുകൊണ്ട് പരമ്പരയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. മധ്യവയസ്കനും ഇരുപതുകാരിയും തമ്മിലുള്ള പ്രണയം എന്നൊരു കണ്‍സപ്റ്റ് മലയാളികള്‍ക്ക് പുതുമയുള്ളതാണെന്ന് തോന്നുന്നു.

നീയും ഞാനും ടെലിവിഷന്‍ പരമ്പരകളില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുമെന്നും ഷിജു പറഞ്ഞു. പരമ്പരയിലെ ക്യാരക്ടര്‍ എന്‍ട്രി ഹെലികോപ്ടറിലാണ്. അത്തരത്തില്‍ നിരവധി പുതുമകളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഷിജു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു.

സ്വാമി അയ്യപ്പന്‍ പരമ്പരയിലൂടെ മലയാളിയുടെ വിരുന്നുമുറികളില്‍ ഷിജു ഇന്നും പ്രിയങ്കരനായി തുടരുകയാണ്.  2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ്  ഷിജു അവസാനമായെത്തിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ സ്വാമി അയ്യപ്പന്‍ പരമ്പര പുനസംപ്രേക്ഷണം ചെയ്യുന്നതിനാല്‍ മലയാളിക്ക് ഷിജുവിന്റെ ഇടവേളയെടുത്തുവെന്ന് പറയാനും കഴിയില്ല.

മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച ഷിജുവിനെ പിന്നീട് മലയാളികള്‍ കാണുന്നത് 2010ലെ കാര്യസ്ഥന്‍, 2013ലെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നിവയിലൂടെയാണ്. സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്‌നാപ്യാരി തുടങ്ങിയ ചിത്രങ്ങളിലും ഷിജു വേഷമിട്ടിരുന്നു.