ഞായറാഴ്ച മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം സീസണ് ഒന്നിലേക്ക് ഞായറാഴ്ച മോഹന്ലാല് അവതരിപ്പിച്ച പുതിയ മത്സരാര്ഥി ഇന്ന് ബിഗ് ബോസ് ഹൗസിലെത്തി. കൊച്ചി പെരുമ്പാവൂര് സ്വദേശിയും മോഡലുമായ ഷിയാസ് കരിമാണ് അവശേഷിക്കുന്ന പതിനാല് മത്സരാര്ഥികള്ക്കൊപ്പമുള്ള ബിഗ് ബോസ് ഹൗസിലെ വാസം ആരംഭിച്ചത്. മിസ്റ്റര് ഗ്രാന്റ് സീ വേള്ഡ് മത്സരത്തില് രണ്ട് ടൈറ്റിലുകള് നേടിയ മോഡലാണ് ഷിയാസ്.
ബിഗ് ബോസ് ഹൗസിന് പുറത്തെ നീന്തല്ക്കുളത്തിന് സമീപം മത്സരാര്ഥികള് മിക്കവരും നില്ക്കുമ്പോഴായിരുന്നു പ്രധാന ഗേറ്റിലൂടെ ഷിയാസിന്റെ പ്രവേശനം. പശ്ചാത്തലത്തില് അപ്രതീക്ഷിതമായി ചന്ദ്രോത്സവത്തിലെ മോഹന്ലാല് കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗ് പ്ലേ ചെയ്തതിനൊപ്പമാണ് ഷിയാസ് എത്തിയത്. മോഡലിംഗിനൊപ്പം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഷിയാസിന് ബിഗ് ബോസ് ഹൗസിലെ നിലവിലെ മത്സരാര്ഥികളില് പലരെയും നേരിട്ട് പരിചയമുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. പുതിയ മത്സരാര്ഥിയുടെ രംഗപ്രവേശവും അയാളെ പരിചയപ്പെടലുമായിരുന്നു തിങ്കളാഴ്ച എപ്പിസോഡിന്റെ പ്രധാന ഭാഗം.
അതേസമയം ഇത്തവണത്തെ ശനി, ഞായര് എപ്പിസോഡുകളില് എലിമിനേഷന് ഒന്നുമുണ്ടായില്ല. പേളി മാണി, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന് എന്നിവരിലൊരാള് പുറത്തുപോകേണ്ടിവരുമെന്ന് ശനിയാഴ്ച മോഹന്ലാല് സൂചന നല്കിയെങ്കിലും ഞായറാഴ്ച എപ്പിസോഡില് അത്തരത്തിലൊരു പുറത്താക്കല് സംഭവിച്ചില്ല.
